ലോകകപ്പ് നറുക്കെടുപ്പിനിടെ അപ്രതീക്ഷിത ബഹുമതി; ഫിഫയുടെ ആദ്യ സമാധാന പുരസ്‌കാരം ഡൊണാൾഡ് ട്രംപിന്

വാഷിംഗ്ടൺ ഡി.സി.: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ (FIFA) പുതിയതായി ഏർപ്പെടുത്തിയ സമാധാന പുരസ്‌കാരത്തിന് (Peace Prize) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അർഹനായി. 2026-ലെ ലോകകപ്പിന്റെ നറുക്കെടുപ്പ് ചടങ്ങിനിടെ വാഷിംഗ്ടൺ ഡി.സി.യിൽ വെച്ചാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ട്രംപിന് പ്രഥമ പുരസ്‌കാരം സമ്മാനിച്ചത്.

അസാധാരണവും ശ്രദ്ധേയവുമായ സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളെ ഒന്നിപ്പിച്ച വ്യക്തികളെ ആദരിക്കുന്നതിനായാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് ഫിഫ അറിയിച്ചു.

ട്രംപിൻ്റെ സമാധാന ശ്രമങ്ങളെ പ്രകീർത്തിച്ച ഇൻഫാന്റിനോ, “ലോകം ശാന്തമാക്കുന്നതിൽ താങ്കൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ ആദ്യത്തെ ഫിഫ സമാധാന പുരസ്‌കാരം താങ്കൾക്ക് തീർച്ചയായും അർഹിക്കുന്നതാണ്” എന്ന് പറഞ്ഞു. ട്രംപിനെ സമാധാന പ്രവർത്തനങ്ങൾക്കായി സഹായിക്കാൻ ഫുട്ബോൾ സമൂഹം എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്റെ ജീവിതത്തിലെ വലിയ ബഹുമതി’

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച ട്രംപ്, ഇത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. “ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. കോംഗോ, ഇന്ത്യ-പാകിസ്ഥാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചു” എന്നും ട്രംപ് അവകാശപ്പെട്ടു.

ഫിഫയുടെ ഈ പ്രഖ്യാപനം ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിന് അപ്രതീക്ഷിത രാഷ്ട്രീയമാനം നൽകി. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയാണ് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ എന്നതിനാൽ പുരസ്‌കാരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണോ എന്ന് വിമർശകർ ചോദ്യമുയർത്തിയിട്ടുണ്ട്. ഈ വർഷത്തെ നോബൽ സമാധാന പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിട്ടും നേടാനാകാത്തതിനെത്തുടർന്നാണ് ട്രംപിന് അനുകൂലമായി ഫിഫ പുരസ്‌കാരം വേഗത്തിൽ പ്രഖ്യാപിച്ചതെന്ന ആരോപണവും ശക്തമാണ്.