‘ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല…വിനായകന്‍ നല്ല ആളാണ്’!! ‘ലീല’ പരാമര്‍ശത്തില്‍ മറുപടിയുമായി ഉണ്ണി ആര്‍

ഉണ്ണി ആറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ചിത്രമായിരുന്നു 2016ലിറങ്ങിയ ‘ലീല’ സിനിമ. ചിത്രത്തിനെതിരെ അടുത്തിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശം വൈറലായിരുന്നു. ഇപ്പോഴിതാ വിനായകന് മറുപടിയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍.

2016ല്‍ തിയ്യേറ്ററിലെത്തിയ ചിത്രത്തില്‍ ബിജു മേനോനാണ് പ്രധാന കഥാപാത്രമായെത്തിയത്. ലീല മുത്തുച്ചിപ്പി ലൈനിലുള്ള കഥയാണ്. എഴുത്തുകാരന്റെയും സംവിധായകന്റെയും മാനസികാവസ്ഥ പരിശോധിക്കണം എന്നായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം.

വിനായകന് ഉണ്ണി ആര്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ‘ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല. വിനായകന്‍ നല്ല ആളാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ സഭ്യതയും പെരുമാറ്റത്തിന്റെ സഭ്യതയും വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തെ പോലെ സഭ്യത ഇല്ലാത്ത ഒരാള്‍ ആണല്ലോ ഞാന്‍, അപ്പോ എന്റടുത്ത് നിന്നും വരുന്ന ഒരു വീഴ്ചയായി കണ്ട് വിനായകന്‍ സാര്‍ ഇത് പൊറുക്കണം എന്ന് മാത്രമേ പറയാനുള്ളു. ആളുകളോടുള്ള പെരുമാറ്റത്തിലെ അദ്ദേഹത്തിന്റെ വിനയം, അത്രയും നന്നായി ജീവിക്കുന്ന ഒരാള്‍ക്ക് ലീലയുടെ തീമിനെ ക്രിട്ടിസൈസ് ചെയ്യാനുള്ള അവകാശമുണ്ട്. ഞാന്‍ അതൊന്നും അല്ലാത്തൊരു വൃത്തികെട്ടവനായതു കൊണ്ട് അങ്ങനെയൊക്കെ ചിന്തിച്ച് പോകും. വിനായകന്‍ എന്നോട് ക്ഷമിക്കണം’- എന്നാണ് ഉണ്ണി ആര്‍ പറഞ്ഞത്.

അതേസമയം, ഉണ്ണി ആറിന് മറുപടിയുമായി വിനായകനുമെത്തി.’വിനായകന്‍ ‘സാറി’നോട് വേണ്ട’ എന്നായിരുന്നു വിനായകന്‍ കുറിച്ചത്. ‘ഉണ്ണി ആര്‍ സാറേ, ഉണ്ണി ആര്‍ സാറിന്റെ അമ്മുമ്മയോടും, ഉണ്ണി ആര്‍ സാറിന്റെ അമ്മയോടും, ഉണ്ണി ആര്‍ സാറിന്റെ ഭാര്യയോടും, ഉണ്ണി ആര്‍ സാര്‍ ക്ഷമ ചോദിക്കു. വിനായകന്‍ ‘സാറി’നോട് വേണ്ട. മനസിലായോ സാറേ…’ എന്നാണ് വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.