
ഇന്നും മലയാള സിനിമാ പ്രേമികൾ അത്ഭുതത്തോടെയും അമ്പരപ്പോടെയും വീണ്ടും വീണ്ടും കാണാറുള്ള ക്ലാസിക്ക് സിനിമകളിൽ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത് ജയറാം, ഉർവശി, കെപിഎസി ലളിത, നെടുമുടി വേണു, ബേബി ശ്യാമിലി എന്നിവർ അഭിനയിച്ച മാളൂട്ടി. 1990ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കുഴൽക്കിണറിൽ വീണ മാളൂട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് പ്രമേയമാക്കിയത്. മാളൂട്ടി ആയെത്തിയ ബേബി ശ്യാമിലിയുടെ ‘അമ്മ രാജി ആയി ചിത്രത്തിൽ വേഷമിട്ടത് ഉർവശി ആയിരുന്നു. വലിയൊരു കഠിനാധ്വാനം തന്നെ മാളൂട്ടി എന്ന ചിത്രത്തിന്റെ മേക്കിങിന് പിന്നിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ചിത്രത്തിൽ നായികയായി എത്തിയ ഉർവശി. ഫ്ലവേഴ്സിൽ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഫ്ലവേഴ്സ് ഒരു കോടി വിത്ത് കോമഡി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പഴയ ഷൂട്ടിങ് ഓർമകൾ ഉർവശി പങ്കു വെച്ചത്. മാളൂട്ടിയുടേത് ഭയങ്കര പ്രയാസമുള്ള വർക്ക് തന്നെയായിരുന്നു എന്ന് ഉർവശി പറയുന്നു. മാളൂട്ടിയുടെ ഷൂട്ടിങ്ങിൽ കുട്ടിയെ കുഴിയില്‍ ചാടിക്കുന്നതിൽ വലിയ റിസ്കുണ്ടായിരുന്നുവെന്നാണ് ഉർവശി പറയുന്നത്. ആ സിനിമ ഷൂട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റിയും ഉർവശി സംസാരിക്കുന്നു. ആ സിനിമയിലെ മാളൂട്ടിക്ക് ഒരു പട്ടിക്കുട്ടിയുണ്ട്. അതുപോലെ കുഴിയിൽ വീഴാനായി കുഞ്ഞ് ഓടി വരുമ്പോൾ കുഴിയിലേക്ക് നോക്കരുത്. അവിടെ ഒരു കുഴി നേരത്തെ തന്നെ എടുത്ത് വെച്ചിട്ടുള്ളതു കൊണ്ട് ഷോട്ട് വരുമ്പോൾ കുട്ടി അറിയാതെ കുഴിയിലേക്ക് നോക്കും.

അതുപോലെ കുട്ടി കുഴിയിൽ വീണ് കഴിയുമ്പോൾ ഒപ്പമുള്ള പട്ടി കുഴിയിലേക്ക് നോക്കി കുരയ്ക്കണം. അതെങ്ങനെ കുരപ്പിക്കും. മദ്രാസിൽ നിന്നും വന്ന പട്ടിക്കുട്ടിയും ട്രെയിനറുമായിരുന്നു. മെയിൻ ട്രെയിനറിനൊപ്പം ഒരു പയ്യൻ കൂടി ഉണ്ടായിരുന്നു. അവനാണ് അതിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത്. അവസാനം ഈ പയ്യന്റെ ശബ്ദം ടേപ്പ് റിക്കോർഡറിൽ സേവ് ചെയ്തിട്ട് ഈ കുഴിയിൽ വെച്ചു. അങ്ങനെയാണ് പട്ടി ഓടി വന്ന് കുഴിയിൽ നോക്കി കുരയ്ക്കുന്ന രംഗം ഷൂട്ട് ചെയ്തത്. പിന്നീട് മദ്രാസിൽ വന്നിട്ടാണ് കുട്ടി കുഴിയിൽ കുടുങ്ങിയിരിക്കുന്ന ഭാഗങ്ങൾ ഷൂട്ട് ചെയ്ത്. ടണൽ രണ്ടായി ചെയ്തിട്ടാണ് വേരിൽ കുടുങ്ങിയിരിക്കുന്ന ഭാഗങ്ങൾ അടക്കം ചിത്രീകരിച്ചതെന്നും ഉർവശി പറഞ്ഞു. മാളൂട്ടി സിനിമയിലേതു പോലെ കുഴൽക്കിണറിൽ കുഞ്ഞുങ്ങൾ വീഴുന്ന കേസുകൾ ഇന്നും നമ്മൾ എത്രയോ കേൾക്കുന്നു. അതിന് ഒരു പരിഹാരം ഉണ്ടാക്കാൻ പറ്റിയിട്ടില്ലല്ലോ എന്നും ഉർവശി പറയുന്നുണ്ട്. ഒപ്പം ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന ചില രസകരമായ സംഭവങ്ങളും ഉർവശി പങ്കുവെക്കുന്നു. സംവിധായകൻ അടുത്തിരിക്കുന്നത് അറിയാതെ സീരിയലിനെ താൻ കളിയാക്കി എന്നാണ് ഉർവശി പറഞ്ഞത്. അതുപോലെ മറ്റൊരു സംഭവം കൂടി ആ സെറ്റിൽ വെച്ചുണ്ടായി എന്നും ഉർവശി പറയുന്നു. മാളൂട്ടി ഷൂട്ട് ബ്രേക്കിന്റെ സമയത്ത് തങ്ങൾ എല്ലാവരും ടിവി കാണാൻ ഇരിക്കുകയാണ്. ജയറാം അടക്കം എല്ലാവരുമുണ്ട്. അതിനിടയിൽ ഒരു സീരിയൽ സംപ്രേഷണം ചെയ്ത് തുടങ്ങി. താൻ അത് കണ്ട് സീരിയലിനെ ഓരോന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങി.

പഴയ നാടകം പോലെയുണ്ടല്ലോ എന്നെല്ലാം താൻ പറയുന്നുണ്ട്. വേറെയും എന്തൊക്കയോ ആ സീരിയലിന്റെ കുഴപ്പങ്ങൾ താൻ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ജയറാം തന്നെ കണ്ണ് കാണിക്കുന്നുണ്ട്. മിണ്ടാതിരിക്കാൻ പറഞ്ഞു കൊണ്ട്. പക്ഷെ തനിക്ക് അതൊന്നും മനസിലായില്ല. ജയറാം തന്നെ വഴക്ക് പറയാൻ കാരണം താൻ കുറ്റം പറയുന്ന സീരിയലിന്റെ സംവിധായകനും നമുക്കൊപ്പം അവിടിരുന്ന് സീരിയൽ കാണുന്നുണ്ടായിരുന്നു എന്നതു കൊണ്ടാണ്. അവസാനം താൻ സംസാരം നിർത്തുന്നില്ലെന്ന് കണ്ട് തന്നേയും കൂട്ടി ജയറാം പുറത്തേക്ക് പോയി. എന്നിട്ട് തന്നോട് പറഞ്ഞു. തലയ്ക്കകത്ത് വിവരം വല്ലതുമുണ്ടോ..? നമ്മുടെ തൊട്ട് അടുത്ത് ഇരുന്ന് മനുഷ്യനാണ് നീ കുറ്റം പറയുന്ന സീരിയലിന്റെ സംവിധായകനെന്ന്. എത്ര നേരമായി മിണ്ടാതിരിക്കാൻ താൻ പറയുന്നു. ഒന്നോ രണ്ടോ പറഞ്ഞ ശേഷം നിർത്തിക്കൂടെ..? എന്നൊക്കെ ജയറാം തന്നോട് പറഞ്ഞു എന്നും ആ പ്രായത്തിൽ ഇങ്ങനെയുള്ള അബദ്ധങ്ങൾ തനിക്ക് പറ്റിയിട്ടുണ്ടെന്നും ഉർവശി ഓർക്കുന്നു. അതേസമയം വർഷങ്ങൾക്കിപ്പുറം ഒരു യുവാവിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞെത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം അടുത്തിടെ വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയപ്പോഴും ആളുകൾക്കിടയിൽ ചർച്ചയായപ്പോഴും പ്രേക്ഷകർ അത്ഭുതപ്പെട്ടത് വലിയ ടെക്നോളജികളൊന്നും ഇല്ലാതിരുന്ന തൊണ്ണൂറുകളിൽ ആ കാലത്ത് ഭരതൻ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കഥ സിനിമയാക്കിയതിനെപ്പറ്റി ഓർത്തിട്ടാണ്.











