മുടങ്ങിപ്പോയ തന്റെ ചികിത്സയെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് സംഗീത ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. പലപ്പോഴും തനിക്ക് വെല്ലുവിളിയായി മാറിയ കാഴ്ചാപരിമിതിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഇപ്പോഴിതാ തന്റെ മുടങ്ങിപ്പോയ ചികിത്സയെക്കുറിച്ച് സംസാരിക്കുകയാണ് വിജയലക്ഷ്മി. 2019 ലാണ് അമേരിക്കയില്‍ വച്ച് വിജയലക്ഷ്മിയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ ആരംഭിക്കുന്നത്. എന്നാല്‍ കൊവിഡ് വന്നതോടെ ആ പ്രതീക്ഷകള്‍ മങ്ങി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ചികിത്സയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. പിന്നീട് അമേരിക്കയില്‍ പോകാന്‍ സാധിച്ചില്ല എന്നും കാഴ്ച കിട്ടുമെന്ന് അവര്‍ ഉറപ്പു പറയാത്തതുകൊണ്ടാണ് അത് വേണ്ടെന്നു വച്ചത് എന്നും വിജയലക്ഷ്മി പറയുന്നു. ഡോക്ടർമാർക്ക് കൃത്യമായ കാര്യം കണ്ടു പിടിക്കാനായിട്ടില്ലെന്നും ഗായിക കൂട്ടിച്ചേർക്കുന്നു. റെറ്റിനയ്ക്കാണ് പ്രശ്‌നമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രശ്‌നമാണെന്ന് വേറൊരു വിഭാഗവും. എന്താണ് ശരിയായ പ്രശ്‌നമെന്ന് ഇതുവരെയു കണ്ടെത്താനായിട്ടില്ല എന്നതാണു സത്യം. ഇപ്പോള്‍ ഇസ്രയേയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് എന്നും അവര്‍ ഏകദേശം ഉറപ്പ് പറഞ്ഞിട്ടുണ്ട്.

എന്നും ആ പ്രതീക്ഷയിലാണ് താനിപ്പോള്‍ ഉള്ളതെന്നും വിജയലക്ഷ്മി പറഞ്ഞു. അവിടേക്കു പോകാന്‍ ഒരുപാട് കടമ്പകളുണ്ട്. എല്ലാം എളുപ്പത്തില്‍ സാധ്യമാകുമെന്നാണു കരുതുന്നത് എന്നും വൈക്കം വിജയലക്ഷ്മി പറയുന്നു. ഒരിടയ്ക്ക് വിജയലക്ഷ്മിയ്ക്ക് കാഴ്ച ലഭിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നാണ് വിജയലക്ഷ്മി പറയുന്നത്. തനിക്ക് കാഴ്ച കിട്ടിയെന്നു പറഞ്ഞ് മുന്‍പ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. അത് കണ്ട് പലരും അത്തരത്തില്‍ തന്നോടു പെരുമാറി എന്നാണ് വിജയലക്ഷ്മി പറയുന്നത്. മുന്‍പില്‍ വന്ന് നിന്നിട്ട് ആരാണെന്നു പറയാമോ എന്നൊക്കെ ചോദിച്ച് തന്റെ കാഴ്‌ചയെ പരീക്ഷിച്ചു. അതൊക്കെ തന്നെ ഏറെ ബുദ്ധിമുട്ടിച്ചു. എന്തിനാണ് അതൊക്കെ? എന്നാണ് വിജയലക്ഷ്മി ചോദിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ പലരോടും ദേഷ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഒരു ചെറിയ പ്രകാശം മാത്രമേ കാണാന്‍ കഴിയൂ. രാത്രിയും പകലും തിരിച്ചറിയാനാകും. അല്ലാതെ മറ്റൊന്നും കാണുന്നില്ല എന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. കാഴ്ചയില്ലെന്ന കാരണത്താല്‍ തന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും വിജയലക്ഷ്മി പറയുന്നു. മറിച്ച് തന്നോട് കൂടുതല്‍ കരുതല്‍ കാണിക്കാറുള്ളതെന്നാണ് ഗായിക പറയുന്നത്.

തന്റെ സഹപ്രവര്‍ത്തകരുടെ സ്‌നേഹത്തേയും പിന്തുണയേയും കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. വിദേശത്തും മറ്റുമായി സംഗീത പരിപാടികള്‍ക്കു പോകുമ്പോള്‍ ഒഴിവുദിവസങ്ങളില്‍ സ്ഥലങ്ങള്‍ കാണാനും ആസ്വദിക്കാനുമൊക്കെയായി എല്ലാവരും പോകും. തന്നെ വിളിക്കുമ്പോള്‍ താന്‍ പറയും, തനിക്കൊന്നും കാണാന്‍ പറ്റില്ല, പിന്നെ എന്തിനാ വരുന്നതെന്ന് പരയുമ്മ അപ്പോഴവർ . അതൊക്കെ പറഞ്ഞു മനസ്സിലാക്കി തരാം, വരൂ എന്നു പറഞ്ഞ് നിര്‍ബന്ധിച്ചു കൂടെ കൊണ്ടുപോകും. ആ പരിഗണനയൊക്കെ കിട്ടുമ്പോള്‍ വലിയ സന്തോഷമാണ് എന്നും വിജയലക്ഷ്മി പറയുന്നു. സിനിമാസംഗീതരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പലരും തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഫോണ്‍വിളികളിലൂടെയും സംഭാഷണങ്ങളിലൂടെയുമൊക്കെ അവര്‍ തന്നെ ചേര്‍ത്തു പിടിക്കാറുണ്ട് . അതൊക്കെ വലിയ ഭാഗ്യം ആണെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. വ്യത്യസ്തമായ സ്വരത്തിനുടമയായ വൈക്കം വിജയലക്ഷ്മി മലയാളം, തമിഴ് ആരാധകർക്കെല്ലാം പ്രിയങ്കരരാണ്. വൈക്കം വിജയലക്ഷ്മി പാടിയ ​ഗാനങ്ങളെല്ലാം പിന്നണി ​ഗാന രം​ഗത്ത് വേറിട്ട് നിൽക്കുന്നു. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റ്, വടക്കൻ സെൽഫിയിലെ കൈക്കോട്ടും തൊട്ടിട്ടില്ല തുടങ്ങിയ ​ഗാനങ്ങൾ തുടക്കത്തിൽ തന്ന വൻ ജനപ്രീതി നേടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രമുഖ സം​ഗീത സംവിധായകകർക്കൊപ്പം പ്രവർത്തിക്കാൻ വൈക്കം വിജയലക്ഷ്മിക്ക് കഴിഞ്ഞു. നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.