
യുവ സംവിധായകനായ രാഹുൽ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കൺസെപറ്റ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.
‘ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം’ എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററിൽ കാണാനാകും. 1854-78 കാലഘട്ടത്തിൽ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണു സൂചന. പത്തൊമ്പതാം നൂറ്റാണ്ടിൽ ചരിത്രത്തിൽ ഇടംനേടാൻ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാൻ ഇന്ത്യൻ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ് ദേവരക്കൊണ്ടയുടെ മുൻ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്.

ഈ ചിത്രത്തിലൂടെ അവർക്ക് ദേവരക്കൊണ്ടയുമായി ഹാട്രിക്ക് വിജയം കരസ്ഥമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടാക്സിവാല എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരക്കൊണ്ടയും സംവിധായകൻ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: ആതിര ദിൽജിത്ത്











