കഴിഞ്ഞ രണ്ടു വർഷം കൊണ്ട് നിരവധി മാറ്റങ്ങളാണ് നയൻതാരയുടെയും വിഘ്‌നേഷിന്റെയും ജീവിതത്തിൽ സംഭവിച്ചത്

ലേഡീ സൂപ്പര്‍സ്റ്റാറായി സിനിമയില്‍ മാത്രം സജീവമായി നിന്നിരുന്ന നയന്‍താരയില്‍ നിന്നും വലിയൊരു മാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ നടി ഇന്ന് ഇരട്ട ആണ്‍കുട്ടികളുടെ അമ്മ കൂടിയാണ്. വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹത്തിനൊപ്പം ചില ബിസിനസുകളിലേക്കും നയന്‍താര ചുവടുറപ്പിച്ചിരുന്നു. ആദ്യ ബിസിനസ് തന്നെ വലിയ വിജയമായതോടെ പലതരം ബിസിനസ് ആശയങ്ങളുമായി താരദമ്പതിമാര്‍ രംഗത്ത് വന്നു. പുതിയതായി ബിസിനസിലേക്ക് ഇറങ്ങുന്നതും എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവനിപ്പോള്‍. ഇന്‍സ്റ്റാഗ്രം പേജിലൂടെ വിഘ്‌നേശ് പങ്കുവെച്ച ഫോട്ടോയും ഇതിന് നല്‍കിയ ക്യാപ്ഷനുമാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഇരുവരും സിഇഒ മാരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരുന്നത്. ഒപ്പം മക്കളെയും എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. തങ്ങള്‍ എം ബി എ ബിരുദധാരികളല്ലയെന്നും തനിക്കും നയന്തരയ്ക്കും ആകെ അറിയാവുന്നത് സിനിമ മാത്രമാണ്’ എന്നിട്ടും ഞങ്ങള്‍ ഓരോ ദിവസവും അത് പഠിക്കുന്നു. എന്നാല്‍ ഇതിനൊപ്പം എങ്ങനെ ഞങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ നിയന്ത്രിക്കുകയും സ്ഥിരമായി പുതിയ അടിത്തറ ഉണ്ടാക്കുകയും ചെയ്യുന്നു എന്നും പറയാം.

ഇദ്ദേഹത്തെപ്പോലുള്ള ആളുകള്‍ ഞങ്ങളെ ഉപദേശിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് കൊണ്ടാണത്. അപാരമായ അറിവും അമൂല്യമായ അനുഭവവുമാണ് അവര്‍ പങ്കുവെക്കുന്നത്. ഞങ്ങളുടെ എല്ലാ ബിസിനസ്സുകളിലും ശരിയായിട്ടാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ ഞങ്ങളോടും സി ഇ ഒ മാരുടെ ടീമിനോടും മണിക്കൂറുകളോളം ക്ഷമയോടെ സമയം ചെലവഴിച്ചതിന് ഡോ. വേലുമണി സര്‍, നിങ്ങളോട് എപ്പോഴും ഞങ്ങള്‍ നന്ദിയുള്ളവര്‍ ആയിരിക്കുമെന്നുമാണ്’ വിഘ്നേശ് ശിവന്‍ പറയുന്നത്. ഭര്‍ത്താവ് പങ്കുവെച്ച പോസ്റ്റ് നയന്‍താരയും സ്വന്തം പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. അതേസമയം സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോഴാണ് വിഘ്്‌നേശ് ശിവനും നയന്‍താരയും ഇഷ്ടത്തിലാവുന്നത്. പിന്നീട് നയന്‍സിനെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്ത സിനിമകളും പുറത്ത് വന്നിരുന്നു. സിനിമയില്‍ ഒരുമിച്ചതോടെ വിജയങ്ങള്‍ സ്വന്തമാക്കിയ താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനൊപ്പമാണ് മറ്റ് ബിസിനസുകളിലും ഭാര്യയും ഭര്‍ത്താവും ഒരുപോലെ സജീവമായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്നും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ കരിയറിലും വ്യക്തി ജീവിതത്തിലും വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് താരദമ്പതിമാര്‍ മുന്നോട്ട് പോവുന്നത്.

എല്ലാ കാര്യങ്ങളും ഇരുവരും ഒരുമിച്ച് ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. അങ്ങനെ സന്തുഷ്ടമായൊരു കുടുംബജീവിതവും ബിസിനസും ഒരുപോലെ കൊണ്ട് പോകാന്‍ ഇരുവര്‍ക്കും സാധിക്കുന്നുമുണ്ട്. അതേമയം തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ വിഘ്നേശ് ശിവന്റെ കരിയർ ​ഗ്രാഫ് കണ്ടത്. ആദ്യ സിനിമ പോടാ പോടി വിജയിച്ചില്ലെങ്കിലും 2015 ൽ നാനും റൗഡി താൻ എന്ന സിനിമ വിജയമായതോടെ വിഘ്നേശ് മുൻനിര സംവിധായകനായി മാറി. വിജയ് സേതുപതി, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. നായിക നയൻതാര വിഘ്നേശിന്റെ ജീവിതത്തിലെ നായികയുമായി. ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് വിഘ്നേശും നയൻതാരയും