
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന വിഘ്നേശ് ശിവൻ ചിത്രത്തിൽ നയൻതാര നായികയായതിനെക്കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ന് നയൻതാര വിഘ്‌നേശ് ശിവന്റെ ഭാര്യ കൂടിയാണ്. നയൻതാര തന്റെ സിനിമയിൽ നായികയാകുമെന്ന് കരുതിയിരുന്നില്ലെന്ന് വിഘ്നേശ് ശിവൻ തുറന്ന് പറയുന്നു. നസ്രിയ നസീം ഉൾപ്പെടെയുള്ള നടിമാരെ ആദ്യം ചിത്രത്തിൽ നായികയായി പരിഗണിച്ചിരുന്നെന്ന് വിഘ്നേശ് ശിവൻ പറയുന്നു. എന്നാൽ പക്ഷെ നയൻതാരയോട് ഈ കഥ പറയെന്ന് ധനുഷ് സർ ഒരു ദിവസം തന്നോട് പറഞ്ഞു എന്നും വിഘ്‌നേശ് ശിവൻ പറയുന്നു. കഥ പറയാം, പക്ഷെ അവർ നമ്മളുടെ കഥ കേൾക്കുമോ അവർക്ക് നമ്മുടെ കഥ ഇഷ്‌ടപ്പെടുമോ എന്ന് താൻ ധനുഷ് സാറിനോട് തിരിച്ച് ചോദിച്ചു എന്നും വിഘ്‌നേശ് ശിവൻ ഓർക്കുന്നു. പ്രതീക്ഷ ഒന്നുമില്ലാതെ കഥ പറയാൻ താനും തന്റെ സഹ സംവിധായകൻ സെന്തിലും കൂടി ഓട്ടോയിൽ താജ് ഹോട്ടലിൽ നയൻതാരയെ കാണാൻ വേണ്ടി അന്ന് പോയി എന്നും വിഘ്‌നേശ് ശിവൻ പറയുന്നു. അവർക്ക് ഈ കഥ ഇഷ്‌ടപ്പെടുമോ എന്നറിയില്ല എന്നാൽ ഒന്നര മണിക്കൂറോളം നയൻതാരയുടെ അടുത്ത് ഇരിക്കാമല്ലോ എന്ന് സെന്തിലിനോട് താൻ പറഞ്ഞിരുന്നു എന്നും വിഘ്‌നേശ് ശിവൻ ഓർക്കുന്നു. നയൻതാരയോട് കഥ പറഞ്ഞ് തുടങ്ങി. രണ്ട് സീൻ പറഞ്ഞ് കഴിഞ്ഞാൽ ഈ കഥ ഇഷ്‌ടപ്പെട്ടു എന്നാണ് അർത്ഥം.

ചിരിച്ചില്ലെങ്കിൽ അവർക്ക് മനസിലായില്ലെന്നും. എന്നാൽ നയൻതാര ആദ്യ സീൻ കേട്ടപ്പോൾ തന്നെ പൊട്ടിച്ചിരിച്ചു. കഥ പറഞ്ഞ ശേഷം ലഭിച്ച പ്രതികരണം മറ്റാരിൽ നിന്നും തനിക്ക് ലഭിച്ചിരുന്നില്ല എന്നും നയൻതാര മാത്രമാണ് നാനും റൗഡി താൻ സൂപ്പർ കഥയാണെന്ന് പറഞ്ഞത് എന്നും ഈ സിനിമ ചെയ്യാമെന്ന് ഉടനെ തന്നെ നയൻതാര പറഞ്ഞു എന്നും വിഘ്‌നേശ് ശിവൻ പറയുന്നു. അന്ന് ആദ്യം ഈ ചിത്രത്തിലേക്ക് ഗൗതം കാർത്തിക്കിനെയാണ് നായകനായി മനസ്സിൽ കണ്ടത്. ഗൗതമാണ് ഹീറോ എന്ന് പറഞ്ഞപ്പോൾ ഓക്കെയെന്ന് നയൻതാര പറയുകയും ചെയ്‌തു. എന്നാൽ ആ കാസ്റ്റിംഗ് നടന്നില്ല എന്നും വിഘ്‌നേശ് ശിവൻ പറയുന്നു. അങ്ങനെ ആയപ്പോൾ നായകനായി പുതുമുഖത്തെ നോക്കാൻ തീരുമാനിച്ചു. ഈ കാര്യം നയൻതാരയോട് പറഞ്ഞപ്പോൾ ആരായാലും കുഴപ്പമില്ല എന്നും തനിക്ക് ഈ കഥാപാത്രം ഇഷ്ടമായി എന്നും താൻ ഈ ചിത്രത്തിൽ അഭിനയിക്കുമെന്ന് നയൻതാര പറഞ്ഞുവെന്നും വിഘ്‌നേശ് ശിവൻ ഓർക്കുന്നു. പിന്നീട് വിജയ് സേതുപതി ഈ സിനിമയിൽ നായകനായെത്തിയതെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. വിഘ്നേശ് ശിവന് കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്നുമായിരുന്നു ഇത്. നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെ ഇവർ പ്രണയത്തിലാവുകയും ചെയ്‌തു. നയൻതാര ലേഡി സൂപ്പർതാരമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് വിഘ്നേശ് ശിവന്റെ കടന്ന് വരവ്.

പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചില്ല. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2022ൽ ഇരുവരും വിവാഹിതരായി. ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രശസ്തരായ താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ നയൻസും വിഘ്നേശും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ. അതേസമയം കരിയറിൽ മോശം ഘട്ടത്തിലാണ് വിഘ്നേശ് ശിവനിപ്പോൾ ഉള്ളത്. വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമ പരാജയപ്പെട്ടു. പിന്നാലെ അജിത്തിനെ വെച്ച് ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശ് ശിവൻ പുറത്തായി. വിഘ്നേശിന്റെ കഥ ഇഷ്ടപ്പെടാത്തതാണ് ഇതിന് കാരണമായത് എന്ന് കേൾക്കുന്നു. എന്നാൽ പുതിയ ചിത്രം ലൗ ഇൻഷുറൻസ് കമ്പനിയുടെ ഷൂട്ടിംഗിലാണ് വിഘ്നേശിപ്പോൾ. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. ഈ ചിത്രം വിഘ്നേശിന്റെ കരിയറിൽ നിർണായകമാണ്. മറുവശത്ത് നയൻതാരയും കരിയറിലെ തിരക്കുകളിലാണ്. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ പരാജയപ്പെട്ടു. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.











