
വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതിൽ വികാരാധീനനായി പ്രതികരിച്ച് നടൻ രവി മോഹൻ (ജയം രവി). സിനിമയുടെ റിലീസ് പ്രതിസന്ധിയിലായ വാർത്ത പുറത്തുവന്നതിന് പിന്നാലെ വിജയ്യ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയ ആദ്യത്തെ പ്രമുഖ താരം കൂടിയാണ് അദ്ദേഹം.
സൂപ്പർ താരം വിജയ്യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ ജനുവരി 9-ന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡുമായുള്ള തർക്കങ്ങളും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസവും കാരണം റിലീസ് അനിശ്ചിതത്വത്തിലായി. ഈ വാർത്തയോട് പ്രതികരിച്ച രവി മോഹൻ, ഒരു സഹോദരനെന്ന നിലയിൽ താൻ ഈ സാഹചര്യത്തിൽ ഏറെ ദുഃഖിതനാണെന്നും വിജയ്യ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഹൃദയം തകർന്നു വിജയ് അണ്ണാ. അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു പ്രത്യേക തീയതിയുടെ ആവശ്യമില്ല, അങ്ങ് തന്നെയാണ് തുടക്കം. ആ സിനിമ എന്ന് റിലീസാകുന്നുവോ, അന്ന് മുതലാണ് ഞങ്ങൾക്ക് പൊങ്കൽ തുടങ്ങുന്നത്” – ഇതായിരുന്നു രവി മോഹന്റെ വികാരാധീനമായ വാക്കുകൾ. വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിൽ സിനിമാ ലോകത്ത് നിന്നുള്ള ഈ പരസ്യ പിന്തുണ വലിയ പ്രാധാന്യത്തോടെയാണ് ആരാധകർ കാണുന്നത്.
അതേസമയം, രവി മോഹനും ശിവകാർത്തികേയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പരാശക്തി’ എന്ന സിനിമയുടെ റിലീസും സമാനമായ പ്രതിസന്ധി നേരിടുകയാണ്. ഈ ചിത്രത്തിനും ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും 23 തിരുത്തലുകൾ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് ചിത്രത്തിന് പിന്നാലെ രവി മോഹന്റെ സിനിമയും തടസ്സപ്പെടുന്നത് തമിഴ് സിനിമയിലെ ആരാധകരെയും തിയറ്റർ ഉടമകളെയും ഒരേപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.











