
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരജോഡികളായ വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയും വിവാഹിതരാവാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യൽ മേദോയ്യയിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം എന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരിയിലാണ് വിവാഹം എന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഗീതഗോവിന്ദം, ഡിയര്‍ കോമ്രേഡ് ഈ സിനിമകളിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. അന്നത്തെ സ്‌ക്രീന്‍ കെമിസ്ട്രിയാണ് പ്രണയമായി മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം.
ഇരുവരെയും ഒന്നിച്ച് പലയിടങ്ങളിലും കണ്ടതും, അഭിമുഖത്തിനിടെ വിജയ് രശ്മികയെ വിളിച്ച് സംസാരിച്ചതുമെല്ലാം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ചമ്മലോടെയായിരുന്നു അന്ന് വിജയിനോട് രശ്മിക സംസാരിച്ചത്. പ്രണയമല്ലായിരുന്നുവെങ്കില്‍ ശബ്ദം മാറില്ലായിരുന്നുവെന്നായിരുന്നു ഫാന്‍സിന്റെ കമന്റുകള്‍.
പിറന്നാള്‍ ദിനത്തില്‍ ഒന്നിച്ചായിരുന്നതും, യാത്രകളിലും കൂടെയുണ്ടായിരുന്നതുമെല്ലാം പ്രണയ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. എന്നാണ് വിവാഹം എന്ന ചോദ്യത്തില്‍ ഇരുവരും കൃത്യമായ പ്രതികരണം നല്‍കിയിട്ടില്ല എന്നതും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നായിരുന്നു രാശ്മികയുടെ മറുപടി.
വിജയ് ആവട്ടെ ഇത്തരം ചോദ്യങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു. രാജസ്ഥാനിലെ പൈതൃക വേദിയാണ് വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. ഉദയ്പൂര്‍ പാലസില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് ചില യൂട്യൂബേഴ്‌സിന്റെ കണ്ടെത്തല്‍.
ഫെബ്രുവരി രണ്ടിനാണ് വിവാഹം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്ന് രാശ്മിക വ്യക്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 26നാണ് വിവാഹം എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം. സിനിമ മേഖലയില്‍ നിന്നുള്ളവരും വിവാഹത്തില്‍ പങ്കെടുത്തേക്കും. വിവാഹം തികച്ചും സ്വകാര്യമായി നടത്താനുള്ള നീക്കമാണ് താരങ്ങള്‍ നടത്തുന്നത്. വിവാഹ ശേഷം സഹപ്രവര്‍ത്തകര്‍ക്കായി ഹൈദരാബാദില്‍ വിവാഹവിരുന്ന് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.











