
സിനിമയുടെ മാറിയ കാലത്തും സജീവമായി തന്നെ നടൻ വിജയരാഘവന്‍ അഭിനയത്തിലുണ്ട്. ഏറ്റവും പുതിയ സിനിമയായ കിഷ്കിന്ധാ കാണ്ഡത്തിലും വിജയരാഘവൻ കയ്യടി നേടുകയാണ്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിജയരാഘവൻ.
താന്‍ മുഴുനീള സിനിമാക്കാരനാകുന്നത് ന്യൂഡല്‍ഹി സിനിമയ്ക്ക് ശേഷമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. എന്നാല്‍ അതിനു മുമ്പും നായകനായി അഭിനയിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇതിനിടെ നായകനാകാന്‍ മടിച്ച് താന്‍ അഭിനയം തന്നെ നിര്‍ത്തി വച്ചതിനെക്കുറിച്ചും വിജയരാഘവന്‍ സംസാരിക്കുന്നുണ്ട്.
നായകനാകണ്ട എന്ന് വിചാരിച്ച് 2000 ല്‍ താന്‍ സിനിമയില്‍ അഭിനയിക്കുന്നതു തന്നെ നിര്‍ത്തിയെന്നും ഒരു ഫ്രെയ്മിലായിരിക്കും, തന്നെ വിളിക്കുന്ന സിനിമകളിലൊക്കെ എട്ട് ഫൈറ്റ്, പാട്ട്, കാമുകി, അച്ഛന്‍ എന്നൊക്കെയുള്ള കഥയാകുമെന്നും മലബാറിലൊക്കെ ഫൈറ്റുള്ളതിനാല്‍ നന്നായി വില്‍ക്കപ്പെടുമെന്നും രാവിലെ കൂലിപ്പണിയ്ക്ക് ഇറങ്ങുന്നത് പോലെ ഫൈറ്റ് ചെയ്യാന്‍ ഇറങ്ങുന്ന അവസ്ഥയായിരുന്നു എന്നാണ് വിജയരാഘവന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അഭിനേതാവ് എന്നത് നഷ്ടമാകും. വൈകുന്നേരമാകുമ്പോഴേക്കും എന്തിനാണ് ഇതിനിറങ്ങുന്നത് എന്നൊരു തോന്നല്‍ ഉണ്ടാകുമെന്നും അത് തനിക്കുണ്ടായിയെന്നും താരം പറയുന്നു .

അഭിനയത്തില്‍ നായകന്‍ ആണ് മഹത്തരം എന്നൊരു വിചാരം എനിക്കില്ലയെന്നും ഇന്നും അത് തോന്നിയിട്ടില്ലായെന്നും അദ്ദേഹം പറയുന്നു . നല്ല അഭിനേതാവുക, അല്ലാതെ സ്റ്റാര്‍ ആവുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറയുന്നു. ‘നടേശാ കൊല്ലണ്ട’ എന്ന ഹിറ്റ് ഡയലോഗ് പിറന്നതിനെക്കുറിച്ചും വിജയരാഘവന്‍ സംസാരിക്കുന്നുണ്ട്.
മോഹൻലാൽ നായകനായ ‘രാവണപ്രഭു’വിലാണ് വിജയരാഘവന്‍ ആ ഡയലോഗ് പറയുന്നത്. പിന്‍കാലത്ത് മീമുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഡയലോഗായി അത് മാറുകയും ചെയ്തു. ജീവിതത്തില്‍ പല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയലോഗ് ആയതിനാലാണ് ആളുകള്‍ അത് ഇപ്പോഴും പറയുന്നതെന്നും അല്ലാതെ അതിന് പിന്നില്‍ വലിയ നടനവൈഭവമോ സിറ്റുവേഷനോ ഒന്നുമല്ലയെന്നും ആ വാചകത്തിന്റെ ഭംഗിയും പറയുന്നതിലെ ഹ്യൂമറുമാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അടിച്ചൊതുക്കാന്‍ പോയിട്ട് നടേശ കൊല്ലണ്ട എന്ന് പറയുന്നതില്‍ ഒരു വോക്കല്‍ ട്രിക്കറിയുണ്ട്. അതുകൊണ്ടാണ് അത് ശ്രദ്ധിക്കപ്പെട്ടതെന്നും വിജയരാഘവൻ പറയുന്നു. പ്ലെയിനായിട്ട് പറഞ്ഞാല്‍ അത് ശ്രദ്ധിക്കപ്പെടില്ലായിരുന്നുവെന്നും ശബ്ദം കൊണ്ടുള്ളൊരു കളിയുണ്ട്. അതിനാലാണ് ശ്രദ്ധിക്കപ്പെടുന്നതെന്നാണ് വിജയരാഘവന്‍ പറയുന്നത്.
അതേസമയം ഈയ്യടുത്താണ് വിജയരാഘവന് സംസ്ഥാന ചലച്ചിത്ര പുസ്‌കാരം ലഭിച്ചത്. സിനിമയിൽ 50 ആണ്ട് തികയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാനപുരസ്കാരമെത്തിയത്. മികച്ച സ്വഭാവ നടനുള്ള പുര്‌സകാരമാണ് വിജയരാഘവന്‍ നേടിയത്. ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയരാഘവന്‍ ഈ പുരസ്‌കാരത്തിന് അർഹനായത് .
പൂക്കാലത്തിലെ 100 വയസുകാരന്‍ ഇട്ടൂപ്പിനെ അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം വിജയരാഘവന് ലഭിച്ചത്. 71–ാം വയസില്‍ 100 വയസുകാരന്‍റെ പ്രായാധിക്യം നടപ്പിലും എടുപ്പിലും വരുത്തിയാണ് വിജയരാഘവന്‍ ഞെട്ടിച്ചത്.
‘കിഷ്‌കിന്ദ കാണ്ഡം’ ആണ് വിജയരാഘവന്റെ പുതിയ സിനിമ. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഓണത്തിനാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിജയരാഘവന്റെ പ്രകടനവും കയ്യടി നേടുകയാണ്.











