വിജയ് ബിജെപിയുടെ സി ടീം, TVK സമ്മേളനം ഒരു സിനിമ പരിപാടി പോലെ, അണ്ണാ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയു; വിമർശനവുമായി ഡിഎംകെ

പതിനായിരക്കണക്കിന് പ്രവ‍ർത്തകരെയും ആരാധകരെയും സാക്ഷിയാക്കിയാണ് നടൻ വിജയ്‍യുടെ രാഷ്ട്രീയ പാ‍ർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സംസ്ഥാന സമ്മേളനം തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്നത് .

പ്രവ‍ർത്തകർക്കും ആരാധകർക്കുമായി ഒരുക്കിയ ഇരിപ്പിടത്തിനിടയിൽ തയ്യാറാക്കിയ റാംപിലൂടെ നടന്ന് നടൻ വിജയ് പടുകൂറ്റൻ വേദിയിലേക്ക് എത്തുകയായിരുന്നു. ആരാധക‍ർ എറിഞ്ഞു നൽകിയ ഷാളുകൾ കഴുത്തിലിട്ടാണ് വിജയ് വേദിയിലേക്ക് എത്തിയത്. സമ്മേളന വേദിയിലെത്തിയ വിജയ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിന് മുന്നിൽ പുഷ്പാ‍ർച്ചന നടത്തി. തുടർന്ന് 100 അടി ഉയരത്തിൽ തയ്യാറാക്കിയ കൊടിമരത്തിൽ ആരാധകരുടെ ആരവങ്ങൾക്കിടെ പാർട്ടി പതാക ഉയർത്തി.

ടിവികെ ട്രഷറൽ വെങ്കട്ടരാമൻ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിജയ്‍യും പ്രവർത്തകരും ഏറ്റുചൊല്ലി. ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയപാതയ്ക്ക് സമീപം 86 ഏക്കർ സ്ഥലത്താണ് സമ്മേളനം നടന്നത്. തമിഴ്നാടിൻ്റെ ഭരണസിരാകേന്ദ്രമായ സെൻ്റ് ജോർജ് കോട്ടയുടെ മാതൃകയിലായിരുന്നു വേദി ഒരുക്കിയത്. ഭരണഘടനാ ശിൽപി ഡോ. ബിആർ അംബേദ്കറിൻ്റെയും സാമൂഹ്യപരിഷ്‌കർത്താവ് ഇ വി രാമസ്വാമി പെരിയാറിൻ്റെയും പടുകൂറ്റൻ കട്ടൗട്ടുകൾക്കിടയിലാണ് വിജയ്‍യുടെ കട്ടൗട്ടും സ്ഥാപിച്ചിരിന്നത്.

സ്വാതന്ത്ര്യസമര സേനാനികളായ വേലുനാച്ചിയാർ, അഞ്ജല അമ്മാൾ എന്നിവരുടെ കട്ടൗട്ടും സ്ഥാപിച്ചിരുന്നു ‘എല്ലാവരും തുല്യരായി ജനിക്കുന്നു’ എന്ന പാ‍ർട്ടി മുദ്രാവാക്യം വേദിയിൽ ആലേഖനം ചെയ്തിരുന്നു. അതേസമയം വിജയ്ക്ക് ആശംസകളുമായി തമിഴ് സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

വിജയ്‌യുടെ പുതിയ പാർട്ടിക്ക് ആശംസകൾ നേരുന്നതായി നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ കുറിച്ചു. പുതിയ യാത്ര ആരംഭിക്കുന്ന വിജയ് സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി ശിവകാർത്തികേയൻ കുറിച്ചു. ടിവികെ സംസ്ഥാന സമ്മേളനത്തിന് വിജയാശംസ നേർന്ന വിജയ് സേതുപതി നേതാവ് വിജയ് സാറിനും അനുഭാവികൾക്കും അഭിനന്ദനങ്ങൾ നേരുന്നതായും അറിയിച്ചു. അവിശ്വസനീയമായ നാഴികക്കല്ലിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നാണ് ജയം രവിയുടെ പ്രതികരണം. സിനിമയിലെ ആവേശവും അർപ്പണബോധവും രാഷ്ട്രീയത്തിലും കൊണ്ടുവരണമെന്നും പുതിയ യാത്രയ്ക്ക് മികച്ച വിജയം നേരുന്നുവെന്നും ജയം രവി ആശംസിച്ചു. തമിഴ് സംവിധായകരടക്കം വിവിധ ചലച്ചിത്ര പ്രവ‍ർത്തകർ വിജയ്‍യ്ക്ക് ആശംസകൾ നേർന്നു.

അതേസമയം തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനത്തിന് പിന്നാലെ വിജയ്ക്കെതിരെ വിമർശനവുമായി ഡിഎംകെ എത്തിയിരിക്കുകയാണ് . വിജയ് ബിജെപിയുടെ സി ടീം ആണെന്ന് തമിഴ്‌നാട് നിയമമന്ത്രി രഘുപതി വിമർശിച്ചു. അതേസമയം വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ബിജെപി ഘടകകക്ഷികൾ രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്.

അണ്ണാ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയുവെന്നാണ് ഡിഎംകെ നോതാവും നിയമമന്ത്രിയുമായി രഘുപതിയുടെ വിമർശനം. ടിവികെ സമ്മേളനം സിനിമ പരിപാടിയാണെന്നും ഇതിലും വലിയ ആളുകള്‍ എത്തിയ പരിപാടികള്‍ ഉണ്ടായിട്ടുണ്ടെന്നും രഘുപതി പറഞ്ഞു. നമ്മൾ പല രാഷ്ട്രീയ പാർട്ടികളെയും എ ടീമെന്നും ബി ടീമെന്ന് പറയാറുണ്ട്. എന്നാൽ, തമിഴ്നാട് വെട്രി കഴകം ഭാരതീയ ജനതാ പാർട്ടിയുടെ സി ടീമാണ്.

മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ദ്രാവിഡ മോഡൽ സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് എടുത്തുകളയാൻ ആർക്കും കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. വിജയ് നയം പ്രഖ്യാപിച്ചിട്ടില്ലെന്നും ഒരു കൂട്ടം ആളുകൾ എന്തൊക്കെയോ പറഞ്ഞതാണെന്നായിരുന്നു ഡിഎംകെ നേതാവ് ഇളങ്കോവന്‍റെ പ്രതികരണം. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സമ്മേളനത്തിൽ ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനമായിരുന്നു വിജയ് നടത്തിയത്. ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ഡി എം കെ തമിഴ് ജനതയെ വഞ്ചിക്കുകയാണെന്നാണ് വിജയ് സമ്മേളനത്തിൽ പറഞ്ഞത്.

‘തമിഴ്നാടിനെ കൊ‍ള്ളയടിക്കുന്ന കുടുംബമാണ് അത്. ഡി എം കെയുടേത് ജനവിരുദ്ധ സർക്കാറാണ്. ബി ജെ പി ആശയപരമായി എതിരാളിയും ഡി എം കെ രാഷ്ട്രീയ എതിരാളിയെന്നും വില്ലുപുരത്ത് വിക്രവാണ്ടിയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വിജയ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ച പാർട്ടികളാണ് പുതിയ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും ടിവികെയും സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇരുകക്ഷികളും വിജയിയെ പ്രകീർത്തിക്കുകയായിരുന്നു. ഘടകകക്ഷികൾക്ക് അധികാരത്തിൽ പങ്കുനൽകുമെന്ന വാഗ്ദാനമാണ് പാർട്ടികളെ ആകർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. സഖ്യകക്ഷികൾക്ക് അധികാരം നൽകുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് തമിഴിസൈ സൗന്ദർരാജൻ പ്രതികരിച്ചു.