ഫെഫ്കയുടെ മറുപടിക്ക് പിന്നാലെ ബി ഉണ്ണി കൃഷ്ണനെ പരിഹസിച്ച് കൊണ്ട് വിനയന്റെ കുറിപ്പ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന തുറന്ന് പറച്ചിലുകളാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേ സമയംതന്നെ എ എം എം എ പിളര്‍പ്പിലേക്ക് പോകുന്നുവെന്ന സൂചന നല്‍കി കൊണ്ട് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാകുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു .

ഈയൊരു വാര്‍ത്ത പ്രചരിച്ചതോടെ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ബി ഉണ്ണികൃഷ്ണന്‍ സ്വയം ഒഴിവായി പോകുന്നതല്ലെന്നും അദ്ദേഹം ഓടി രക്ഷപ്പെടുകയാണ് ചെയ്തതെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൂടി  സംവിധായകന്‍ വിനയൻ പറയുന്നു .

‘ശ്രീ ബി ഉണ്ണികൃഷ്ണന്‍ സിനിമാ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുന്നു എന്നു വാര്‍ത്ത കണ്ടു. ഒഴിവായതല്ല ഓടി രക്ഷപെട്ടതാണെന്നാണ് എന്റെ പക്ഷം എന്ന് പറഞ്ഞു കൊണ്ടാണ് വിനയൻ കുറിച്ചത്. സുപ്രീം കോടതിയും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും സിനിമയില്‍ തൊഴില്‍ നിഷേധവും അന്യായ വിലക്കുകളും നടത്തി എന്ന കുറ്റത്തിന് ശിക്ഷ വിധിക്കുകയും അതു നടപ്പാക്കിയതോടെ കുറ്റവാളി ആകുകയും ചെയ്ത ഒരാള്‍, അതേ സിനിമാ വ്യവസായത്തിന്റെ നയം രൂപീകരിക്കാനുള്ള കമ്മിറ്റിയില്‍ കേറി ഇരിക്കുന്നു എന്നു പറഞ്ഞാല്‍ നീതി ബോധമുള്ള ഇന്ത്യയിലെ ഏതെങ്കിലും കോടതി അതിനു സമ്മതിക്കുമോ?

അതുകൊണ്ടു തന്നെ ആണ് ഹൈക്കോടതിയില്‍ കേസു വന്ന സമയത്തു തന്നെയുള്ള ഈ പിന്‍മാറ്റം. കഴിഞ്ഞ ദിവസം കേട്ടത്,… തനിക്കു വേണ്ടിയല്ല, നയരൂപീകരണ സമിതിയില്‍ തൊഴിലാളികളുടെ ശബ്ദം കേള്‍ക്കാനാണ് താന്‍ ഈ കമ്മിറ്റിയില്‍ ഇരിക്കുന്നത് എന്നാണ്. ഇപ്പോള്‍ അതിനു മാറ്റം വന്നോ? ആ കമ്മിറ്റിയില്‍ ഒരു തൊഴില്‍ നിഷേധകന് ഇരിക്കാന്‍ കഴിയില്ല എന്ന കോടതി വിധി വരും മുന്‍പ് താനേ ഇറങ്ങിയത് ഏതായാലും നന്നായി എന്നും വിനയൻ കുറിക്കുന്നു.

സെപ്തംബര്‍ ഏഴിനു എറണാകുളത്തു നടന്ന സര്‍ക്കാര്‍ കമ്മിറ്റിയില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തതു തന്നെ നിയമ വ്യവസ്ഥയോടുള്ള വെല്ലു വിളി ആയിരുന്നു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഞങ്ങളെ ശിക്ഷിച്ചതില്‍ അഭിമാനം കൊള്ളുന്നു എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി പറഞ്ഞതായി കണ്ടു. സിസിഐ ട്രേഡ് യൂണിയനുകള്‍ക്ക് എതിരാണന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ സുപ്രീം കോടതിയോ? സുപ്രീം കോടതി നിങ്ങള്‍ക്ക് കിട്ടിയ ശിക്ഷ ശരി വച്ചത് ട്രേഡ് യൂണിയന്‍ വിരോധം കെണ്ടാണോ? നല്ല ഫീസു കൊടുത്തല്ലേ വല്യ വക്കീലന്‍മാരെക്കൊണ്ട് സാറുമ്മാര്‍ ഘോര ഘോരം വാദിച്ചത്?

ഏതായാലും ഹേമക്കമ്മിറ്റിയുടെ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെ ഉള്ള ഭാഗങ്ങള്‍ മലയാള സിനിമയിലെ എല്ലാ പ്രവര്‍ത്തകരും ഒന്നു വായിച്ചിരിക്കണം. സൂപ്പര്‍ താരങ്ങളുടെ അച്ചാരം വാങ്ങിച്ചു കൊണ്ട് ഒരു തൊഴിലാളി സംഘടനയെ എത്ര ക്‌ളാസിക്കായിട്ടാണ് 2008 ല്‍ തകര്‍ത്തതെന്ന് അതില്‍ പറയുന്നുണ്ട്. ആ വ്യക്തി തന്നെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം സിനിമ നന്നാക്കാനായി രൂപം കൊടുത്ത കമ്മിറ്റിയില്‍ കയറി ഇരുന്ന് 7-9- 24ല്‍ ഒരു മീറ്റിംഗ് കൂടി എന്ന വിരോധാഭാസത്തെ എതിര്‍ക്കേണ്ടത് എന്റെ ബാധ്യതയാണന്നു തോന്നിയതു കൊണ്ട് മാത്രമാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇത്തരം ചെറിയ കാര്യങ്ങളിലൊക്കെ ബഹുമാന്യനായ സാംസ്‌കാരിക മന്ത്രിയെ ഇനിയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി എന്നുമാണ്  വിനയന്‍ കുറിക്കുന്നത്. അതേസമയം മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ഹേമ കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ രംഗത്ത് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക പ്രതികരിക്കാത്തതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ഹേമ കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അമ്മയ്ക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും ബി.ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ചു.