
നല്ല അവസരങ്ങൾ വരുമ്പോഴാണ് മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ കഴിയൂ എന്ന് പറയുകയാണ് നടൻ വിനീത്. അത്തരത്തിൽ വിനീത് അവതരിപ്പിച്ച് മലയാള സിനിമാ പ്രക്ഷകരുടെ മനസിൽ താങ്ങി നിൽക്കുകയാണ് എക്കോയിലെ വിനീതിന്റെ മോഹൻ പോത്തൻ എന്ന കഥാപാത്രം അതേസമയം. കുറച്ചു വർഷങ്ങൾക്കു മുൻപ് സംവിധായകൻ ദിൻദിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേശും നടൻ വിനീതിന് ഒരു തിരക്കഥ അയച്ചു കൊടുത്തു. തിരക്കഥ ഇഷ്ടമായെങ്കിലും അവർ നിർദേശിച്ച അതിലെ കഥാപാത്രത്തിന്റെ ഓഫർ വിനീത് സ്നേഹത്തോടെ നിരസിച്ചു.
ഒരു നടൻ എന്ന നിലയിൽ ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ ആ കഥാപാത്രത്തെ നിരസിക്കാൻ വിനീതിന് കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. എന്നാൽ, വീണ്ടും അതേ ടീം മറ്റൊരു സിനിമയുമായി വിനീതിനെ സമീപിച്ചു. ഏതൊരു അഭിനേതാവും മോഹിക്കുന്ന വേഷം! വിനീത് യെസ് പറഞ്ഞു. അങ്ങനെയാണ് ‘എക്കോ: ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുരിയച്ചൻ’ എന്ന സിനിമയിലെ മോഹൻ പോത്തൻ എന്ന കഥാപാത്രമായി വിനീത് പ്രേക്ഷകർക്ക് മുൻപിലെത്തിയത്.
ഷൂട്ടിന് മുൻപെ സംവിധായകനും തിരക്കഥാകൃത്തുമായി സംസാരിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തി കഴിഞ്ഞാൽ പിന്നെ അവരുടെ ബോധ്യത്തിലും ക്രിയേറ്റിവിറ്റിയിലും സമ്പൂർണമായി വിശ്വസിക്കുക എന്നതാണ് തന്റെ രീതിയെന്ന് വിനീത് പറയുന്നു. ആത്യന്തികമായി ആ കഥാപാത്രം എങ്ങനെയാണ് എന്നുള്ളത് അവരുടെ മനസ്സിലാണ്.
വല്ലാത്തൊരു ദുഷ്ടതയുള്ള വ്യക്തിയാണ് മോഹൻ പോത്തൻ. കുടിലത എന്നൊക്കെ പറയില്ലേ. ഉള്ളിലുള്ള വിഷമെല്ലാം പുറത്തേക്ക് ഒഴുക്കുന്ന രംഗമാണ് മ്ലാത്തി ചേട്ടത്തിയുമായുള്ള എൻകൗണ്ടറിൽ സംഭവിക്കുന്നത്. സിനിമയിലെ നിർണായക രംഗമാണ് അത്. ശരിക്കും വിഷം തുപ്പുകയാണ് അയാൾ. കുരിയച്ചനെ കണ്ടെത്താൻ കഴിയാത്തതിലെ ദേഷ്യവും അമർഷവുമെല്ലാം കന്നത്തരമായി പുറത്തേക്ക് ഒഴുകുകയാണ്. മ്ലാത്തി ചേട്ടത്തിയെ ശപിച്ചു പോവുകയാണ് അയാൾ.
തനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു പരിപാടിയാണ്. വളരെ കാഷ്വൽ ആയി ആ ഡയലോഗ് പറയണമെന്നായിരുന്നു ബാഹുൽ ആവശ്യപ്പെട്ടത്. അതായത് ചറപറ പറഞ്ഞിട്ട് അയാൾ പോകണം, നോൺ സ്റ്റോപ്പ്! ഡയലോഗുകൾ അത്രയും മനഃപാഠം ആണെങ്കിൽ മാത്രമേ അതിങ്ങനെ ഒഴുകി വരൂ. ആ ഡയലോഗിന്റെ ഒരു മീറ്റർ കിട്ടാൻ ബാഹുൽ അതൊന്ന് പറഞ്ഞു കേൾക്കണം എന്നുണ്ടായിരുന്നു. പക്ഷേ, ബാഹുലിന് തന്റെ ഒരു വേർഷൻ വേണമെന്നായിരുന്നു. അതുകൊണ്ട് ആ രംഗം എടുക്കുന്നതിന് മുൻപ് ബാഹുൽ തന്റെ മുൻപിൽ വന്നില്ല. സ്വാഭാവികമായി വന്ന പോലെ അങ്ങനെ പറഞ്ഞു പോവുകയായിരുന്നു എന്നും വിനീത് പറയുന്നു.
പിന്നെ, മുൻകൂട്ടി പ്ലാൻ ചെയ്ത് പെർഫോം ചെയ്താൽ അതിലൊരു സ്വാഭാവികത വരില്ല. ദൈവാനുഗ്രഹം, ഗുരുത്വം ഇവയെല്ലാം അനുഭവിക്കുന്നത് ഇങ്ങനെ ചില സമയങ്ങളിലാണ്. തനിക്കതിൽ എല്ലാം വിശ്വാസമുണ്ടെന്നും വിനീത് കൂട്ടിച്ചേർക്കുന്നു.











