‘ഇത്രേ ഒള്ളൂ…’ പത്ത് വരികളില്‍ ആടുജീവിതം എഴുതി മിടുക്കിക്കുട്ടി, നന്മയെ അഭിനന്ദിച്ച് ബെന്യാമിനും വിദ്യാഭ്യാസമന്ത്രിയും

ഈ വര്‍ഷമിറങ്ങിയ ബോക്‌സോഫീസില്‍ വന്‍ വിജയമായ ചിത്രമാണ് പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. ബെന്യാമിന്റെ ഹിറ്റ് നോവലായ ആടുജീവിതത്തിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമയൊരുക്കിയത്. വലിയ പ്രേക്ഷകപ്രശംസയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. നജീബായുള്ള പൃഥ്വിരാജിന്റെയും ഹക്കീമായുള്ള ഗോകുലിന്റെയും പകര്‍ന്നാട്ടം ആരാധകരുടെ കണ്ണുനനയിച്ചിരുന്നു.

രണ്ടരമണിക്കൂര്‍ തിയ്യേറ്ററില്‍ കണ്ണിമവെട്ടാതെയാണ് പ്രേക്ഷകര്‍ ഓരോ സീനുകളും കണ്ടത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി എഴുതിയ കുറിപ്പാണ് സോഷ്യലിടത്ത് നിറയുന്നത്. ‘ആടുജീവിതം’ നോവലിനെ വെറും പത്ത് വരികളില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഒരു മിടുക്കിക്കുട്ടി. മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നന്മ തേജസ്വിനിയാണ് ആ വൈറല്‍ വിദ്യാര്‍ഥിനി.

വായനാദിനത്തിലെഴുതിയതാണ് കുറിപ്പ്. ബെന്യാമിന്‍ തന്നെയാണ് ‘ആടുജീവിതത്തിന്റെ’ സംഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നന്മ തേജസ്വിനിയുടെ കുറിപ്പ് സോഷ്യല്‍ ലോകത്ത് വൈറലായി കഴിഞ്ഞു.

‘ഒരു ദിവസം നജീബ് എന്ന ഒരാള്‍ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടത്തെ അറബ് മനുഷ്യന്‍ നജീബിനെ പറ്റിച്ച് മരുഭൂമിയില്‍ ഇട്ടു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്‌മാനെ… പെരിയോനേ റഹീം… ‘ എന്നാണ് നന്മ കുറിച്ചത്. നോട്ട് ബുക്കില്‍ നജീബിന്റെ ചിത്രവും കുറിപ്പിനൊപ്പം വരച്ചിട്ടുണ്ട്.

‘ഇത്രേ ഒള്ളൂ… മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി’ എന്ന അടിക്കുറിപ്പോടെയാണ് ബെന്യാമിനും നന്മയുടെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും നന്മെ അഭിനന്ദിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ല
തോടന്നൂര്‍ സബ്ജില്ല മന്തരത്തൂര്‍ MLP സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനി പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ കൂടി പ്രതീകമാണ്. ആടുജീവിതത്തെ എത്ര മനോഹരമായാണ് ഈ വിദ്യാര്‍ത്ഥിനി സംഗ്രഹിച്ചിരിക്കുന്നത്. കഥാകാരന്‍ തന്നെ അഭിനന്ദിച്ചിരിക്കുന്നു. സ്‌നേഹം മോളെ… അഭിമാനവും എന്നാണ് മന്ത്രി കുറിച്ചത്.