
മുംബൈയിൽ നടന്ന ‘ഓ റോമിയോ’ (O Romeo) എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിശ്ചയിച്ച സമയത്തിന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ചിത്രത്തിലെ നായകനായ ഷാഹിദ് കപൂറും നായിക തൃപ്തി ദിമ്രിയും എത്താതിരുന്നതിനെത്തുടർന്ന് മുതിർന്ന നടൻ നാന പടേക്കർ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. കൃത്യസമയത്ത് പരിപാടിക്കെത്തുന്നതിൽ ഏറെ നിഷ്കർഷയുള്ള നാന പടേക്കറുടെ ഈ നടപടി സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു ട്രെയിലർ ലോഞ്ച് തീരുമാനിച്ചിരുന്നത്. നാന പടേക്കർ കൃത്യസമയത്ത് തന്നെ വേദിയിലെത്തിയിരുന്നു. എന്നാൽ ഷാഹിദ് കപൂറും തൃപ്തിയും സമീപത്തുള്ള മറ്റൊരു മാളിൽ ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അവിടെ പരിപാടി നീണ്ടുപോയതോടെ ട്രെയിലർ ലോഞ്ച് വേദിയിലേക്ക് എത്താൻ അവർ വൈകി. ഏകദേശം 1.30 ആയിട്ടും സഹതാരങ്ങൾ എത്താതിരുന്നതോടെ ക്ഷമ നശിച്ച നാന പടേക്കർ ആരുമായും സംസാരിക്കാതെ വേദിയിൽ നിന്ന് മടങ്ങുകയായിരുന്നു.
നാന പടേക്കറുടെ പിണക്കം പരിപാടിയെ അല്പം അസ്വസ്ഥമാക്കിയെങ്കിലും സംവിധായകൻ വിശാൽ ഭരദ്വാജ് നർമ്മം കലർത്തിയാണ് സാഹചര്യത്തെ നേരിട്ടത്. നാന പടേക്കർ ഒരു കുസൃതിക്കാരനായ കുട്ടിയെപ്പോലെയാണെന്നും എല്ലാവരെയും കളിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി അതാണെന്നും വിശാൽ ഭരദ്വാജ് പ്രതികരിച്ചു. ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിൽ നാനയ്ക്ക് ദേഷ്യം വന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഹിദ് കപൂർ, തൃപ്തി ദിമ്രി, അവിനാശ് തിവാരി തുടങ്ങിയവർ അഭിനയിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും.











