‘ഗുഡ് ബാഡ് അഗ്ലി’യിൽ അജിത്തിന്റെ മകനാകാൻ നസ്ലിനെ പരിഗണിച്ചിരുന്നോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

‘ഗുഡ് ബാഡ് അഗ്ലി’യിൽ അജിത്തിന്റെ മകനാകാൻ നസ്ലിനെ പരിഗണിച്ചിരുന്നോ?; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

മലയാളി പ്രേക്ഷകരുടെ പ്രിയ യുവതാരം നസ്ലിനെ തമിഴ് സൂപ്പർതാരം അജിത് കുമാർ നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യിൽ അഭിനയിക്കാൻ പരിഗണിച്ചിരുന്നുവെന്ന വാർത്തകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചിത്രത്തിൽ അജിത്തിന്റെ മകന്റെ വേഷത്തിലേക്ക് നസ്ലിനെ കാസ്റ്റ് ചെയ്യാൻ ആലോചിച്ചിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആദിക് രവിചന്ദ്രൻ.

ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നസ്ലിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നോ എന്നതിനെക്കുറിച്ചും സംവിധായകൻ വെളിപ്പെടുത്തിയത്. ‘ഗുഡ് ബാഡ് അഗ്ലി’യുടെ ചിത്രീകരണ സമയത്ത് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിൽ ‘ഡ്യൂഡ്’ എന്ന ചിത്രം ഒരുക്കുന്നുണ്ടായിരുന്നു. മമിത ബൈജുവായിരുന്നു ചിത്രത്തിൽ നായിക. ആ സമയത്ത് ‘പ്രേമലു’ റിലീസ് ചെയ്തിരുന്നോ അതോ റിലീസിന് ഒരുങ്ങുകയായിരുന്നോ എന്ന് കൃത്യമായി ഓർമയില്ല. അന്ന് മൈത്രിയുടെ ഭാഗത്തുനിന്ന് നസ്ലിനെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നുവെന്ന് ആദിക് പറഞ്ഞു.

നസ്ലിൻ ചെന്നൈയിലുണ്ടെന്നും ഒന്ന് നേരിൽ കാണണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിച്ചു. നേരിൽ കണ്ടപ്പോൾ വളരെ ക്യൂട്ടും ഊർജസ്വലനുമായ താരമായാണ് തോന്നിയതെന്നും സംവിധായകൻ ഓർത്തെടുത്തു. അന്ന് ഏത് സിനിമയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നസ്ലിൻ ചോദിച്ചപ്പോൾ അജിത് സാറിന്റെ ചിത്രമാണെന്ന് താൻ പറഞ്ഞിരുന്നു. ചിത്രത്തിൽ നസ്ലിന് അനുയോജ്യമായ വേഷമുണ്ടോയെന്ന് നിർമാതാക്കൾ അന്വേഷിച്ചു. എന്നാൽ നായകനാകാൻ സാധ്യതയുള്ള താരമായതിനാൽ ചിത്രത്തിൽ കൃത്യമായൊരു കഥാപാത്രവും സ്ക്രീൻ സ്പേസും നൽകാൻ കഴിയില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും ആദിക് വ്യക്തമാക്കി.

അതേസമയം, അജിത്തും നസ്ലിനും ഒന്നിച്ചുള്ള അച്ഛൻ-മകൻ കോമ്പിനേഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ നന്നാകുമായിരുന്നുവെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. എന്നാൽ അത്തരമൊരു കഥാപാത്രത്തിന് ആവശ്യമായ സ്ക്രീൻ സ്പേസ് സിനിമയിലുണ്ടായിരുന്നില്ല. ഇക്കാര്യം നസ്ലിനോടും വ്യക്തമാക്കിയിരുന്നു. അതിനാൽ നസ്ലിൻ ‘ഗുഡ് ബാഡ് അഗ്ലി’യിലേക്ക് കരാർ ഒപ്പിട്ടിരുന്നില്ലെന്നും ആദിക് പറഞ്ഞു.

തെലുങ്കിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ‘ഗുഡ് ബാഡ് അഗ്ലി’. അജിത് നായകനായെത്തിയ ചിത്രത്തിൽ തൃഷയായിരുന്നു നായിക. അർജുൻ ദാസ്, പ്രിയ പ്രകാശ് വാര്യർ, ഷൈൻ ടോം ചാക്കോ, ജാക്കി ഷ്റോഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ അജിത്തിന്റെ മകനായി അഭിനയിച്ചത് കാർത്തികേയ ദേവാണ്.

അതേസമയം, അജിത്തിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിക് രവിചന്ദ്രൻ. ‘ഡെയർ ഡെവിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ശാലിനിയാണ്. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രീലീലയാണ് നായിക. കഴിഞ്ഞ ദിവസം ചെന്നൈയിൽ സിനിമയുടെ പൂജയും നടന്നിരുന്നു. അജിത്തിന്റെ കരിയറിലെ 64-ാമത്തെ ചിത്രമാണിത്.