“സച്ചിൻ സിക്സ് അടിക്കുമ്പോൾ ബൗളറോട് പറയും ‘നീ പോ മോനെ ദിനേശാ'”; സഞ്ജുവിന് മാസ് മറുപടിയുമായി മോഹൻലാൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള സോഷ്യൽ മീഡിയ സംഭാഷണത്തിലേക്ക് മോഹൻലാൽ നടത്തിയ മാസ്സ് എൻട്രി തരംഗമാകുന്നു. സച്ചിനുമൊത്തുള്ള ചിത്രം പങ്കുവെച്ച് “നീ പോ മോനെ ദിനേശാ” എന്ന സിനിമാ ഡയലോഗിന്റെ അർത്ഥം സഞ്ജു വിശദീകരിക്കുമെന്ന് സച്ചിൻ കുറിച്ചതിന് പിന്നാലെ, കാര്യം വ്യക്തമാക്കാൻ ലാലേട്ടനെ തന്നെ സഞ്ജു ടാഗ് ചെയ്യുകയായിരുന്നു.

സഞ്ജുവിന്റെ പോസ്റ്റിന് മറുപടിയായി മോഹൻലാൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ. “മോനേ സഞ്ജു, സച്ചിൻ തെൻഡുൽക്കർ ഒരു സിക്സർ അടിക്കുമ്പോൾ ബൗളർക്ക് നൽകുന്ന സന്ദേശമായിരുന്നു ‘നീ പോ മോനേ ദിനേശാ’ എന്നത്… അതായത് അടുത്ത പന്ത് എറിയാൻ തയാറായിക്കോളൂ എന്ന്! ഇപ്പോൾ നിന്റെ ബാറ്റ് പറയുന്നത് അതേ കാര്യം തന്നെയാണ്. ഇത് ഇനിയും തുടരൂ, അടുത്ത ബൗളർ നിനക്കായി കാത്തിരിക്കുകയാണ്” എന്നാണ് മോഹൻലാൽ സഞ്ജുവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. സിനിമയും ക്രിക്കറ്റും ഒന്നിച്ച ഈ അപൂർവ്വ നിമിഷം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.