wcc തുടങ്ങിയപ്പോൾ മമ്മൂട്ടിയാണ് അവരെ സപ്പോർട്ട് ചെയ്തത് ; ഞങ്ങളെ ആരെയും ക്ഷണിച്ചിട്ടില്ല, എന്നിട്ട് അവർ ഏത് സ്ത്രീയുടെ കണ്ണീരൊപ്പി? പൊന്നമ്മ ബാബു 

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കും മോശം പ്രവണതകൾക്കും എതിരെ വിരൽചൂണ്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലും അതിന് പിന്നാലെയായുള്ള നടിമാരുടെ  വെളിപ്പെടുത്തലുകളിലും പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു.

അമ്മ സംഘടനയിലെ സ്ത്രീ മെമ്പർമാരോട് ഹേമ കമ്മിറ്റി അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സ്ത്രീകൾക്കുവേണ്ടി തുടങ്ങിയ ഡബ്ല്യുസിസിയിൽ എന്തുകൊണ്ടാണ് അമ്മ സംഘടനയിലെ സ്ത്രീകളെ ഉൾപ്പെടുത്താത്തതെന്നും പൊന്നമ്മ ബാബു ചോദിക്കുന്നു. അമ്മയിൽ താര പരിവേഷം ഇല്ലെന്നും എല്ലാവരും പരസ്‌പര സ്നേഹത്തോടെ കഴിയുന്ന ഒരു സംഘടനയാണ് അതെന്നും പൊന്നമ്മ ബാബു പറഞ്ഞു. അമ്മ സംഘടനയിൽ 200ലധികം സ്ത്രീകളുണ്ട്. തങ്ങളെ ആരെയും ഒരു കമ്മീഷനും വിളിച്ചിട്ടില്ല, ഞങ്ങളുടെ അഭിപ്രായം ആരും എടുത്തിട്ടില്ല, താൻ അറിയാത്ത ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്റെ അറിവിൽ അമ്മ സംഘടനയിലെ സ്ത്രീകളെ കമ്മീഷൻ വിളിച്ചിട്ടില്ല. അല്ലാത്ത കുറെ പേരാണ് പോയതെന്നും പൊന്നമ്മ ബാബു പറയുന്നു.

മാത്രമല്ല ഡബ്ല്യൂസിസിയെ പൊന്നമ്മ ബാബു വിമർശിക്കുകയും ചെയ്‌തു. ഇതുവരെ ഒരു സ്ത്രീകളുടെയും കണ്ണീരൊപ്പാൻ WCC ഉണ്ടായിട്ടില്ലെന്നായിരുന്നു പൊന്നമ്മ ബാബുവിന്റെ വിമർശനം. അതിജീവിതമാർക്ക് ഒപ്പം തന്നെയാണ് ഞങ്ങൾ നിലകൊള്ളുന്നതെന്നും തെറ്റ് ചെയ്‌തിട്ടുണ്ടോ, എങ്കിൽ അത് തെളിവ് സഹിതം കൊണ്ട് വന്ന് തെളിയിച്ച് കുറ്റകാരൻ ആണെന് ബോധ്യപ്പെടണമെന്നും അന്ന് തങ്ങൾ വേണമെങ്കിൽ ചെരുപ്പൂരി അടിക്കുമെന്നും  ഒരാളെ തകർക്കാൻ വേണ്ടിയിട്ട് ആണ് ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ തക്കതായ ശിക്ഷ കൊടുക്കണമെന്നും പൊന്നമ്മ ബാബു പറഞ്ഞു.

പത്തോ ഇരുപതോ വർഷം മുൻപ് നടന്ന കാര്യത്തിന് ഇപ്പോഴല്ല മറുപടി കൊടുക്കേണ്ടതെന്നും അപ്പോൾ തന്നെ കൊടുക്കണമെന്നും ഒരു പെണ്ണ് നോ’ എന്ന് പറയുന്നിടത്ത് എല്ലാം തീരുമെന്നും പൊന്നമ്മ ബാബു പറയുന്നു. ഡബ്ല്യൂസിസിയെ താൻ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ലയെന്നും നല്ല കാര്യം തന്നെയാണ് അവർ ചെയ്‌തത്‌. അവരെ താൻ വേറെ കാണുന്നില്ല, അവരും ഞങ്ങളുടെ സംഘടനയിൽ ഉള്ള ആൾക്കാരാണ് എന്നും ഞങ്ങളുടെ സഹോദരിമാർ തന്നെയാണ് അവരെന്നും എന്നാൽ അവർ അങ്ങനെയൊരു സംഘടന തുടങ്ങിയപ്പോൾ തങ്ങളെ പോലെയുള്ള ആൾക്കാരെ അതിലേക്ക് വിളിച്ചില്ലയെന്നും താരം ചൂണ്ടിക്കാട്ടി.

മാത്രമല്ല മമ്മൂട്ടിയാണ് ഡബ്ല്യൂസിസിയ്ക്ക് പിന്തുണ നൽകിയതെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഡബ്ല്യൂസിസി തുടങ്ങുന്ന സമയത്ത് മമ്മൂക്കയാണ് അതിന് പിന്തുണ നൽകിയതെന്നും  അന്ന് പാർവതി തിരുവോതും മറ്റുള്ളവരും ഒന്നും ‘അമ്മ യിൽനിന്നും പുറത്ത് പോയിട്ടില്ല. എന്നിട്ട് അവർ ഒരു സംഘടന രൂപീകരിച്ചപ്പോൾ ഞങ്ങളെ പോലുള്ളവരെ അതിലേക്ക് ചേർക്കണ്ടേയെന്നും പൊന്നമ്മ ബാബു ചോദിക്കുന്നു.

മറ്റൊന്ന് ചോദിക്കുന്നത് ഞങ്ങളെ പോലെയുള്ള സ്ത്രീകളെ ചേർക്കാതെ നിന്നിട്ടും ഞങ്ങളുടെ സംഘടനയിൽ ഉള്ളവരാണ് സഹായിച്ചത്. ഇവർ പുറത്ത് പോയിട്ട് ഒരു സംഘടന രൂപീകരിച്ചിട്ട് ഇവർ സ്ത്രീകൾക്ക് വേണ്ടി ചെയ്‌ത എന്തെങ്കിലും കാര്യങ്ങൾ അറിയാമോയെന്നും ഒരു പെണ്ണിന്റെ കണ്ണുനീർ ഒപ്പാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിനോ അവർ മുൻകൈ എടുത്തിട്ടില്ലയെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേർത്തു.

എവിടെയാണ് അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് പോയി ജോലി ചെയ്യാൻ പറ്റുന്ന സ്ഥലം. എന്നാൽ അച്ഛനെയും അമ്മയെയും കൊണ്ടുവന്ന് ജോലി ചെയ്യാൻ പറ്റുന്ന അത്രയും സുരക്ഷിതത്വം ആയിട്ടുള്ള ഒരു സ്ഥലമാണ് സിനിമയെന്നും എന്നിട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വിട്ടേക്കണമെന്നും വിദ്യാസമ്പന്നയാണെങ്കിൽ വേറെ ജോലി നോക്കണമെന്നും നടി പറയുന്നു.

തെറ്റ് ചെയ്‌തവർ ശിക്ഷിക്കപ്പെടട്ടെ, അല്ലാത്തവരെ ദൈവം ശിക്ഷിക്കട്ടെ. കർമ്മ’ എന്നുള്ളതുണ്ടെന്നും അത് ഇവിടെ നിന്ന് നമ്മൾ അനുഭവിച്ചിട്ടേ പോവത്തുള്ളൂവെന്നും സിനിമാ ഇൻഡസ്ട്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ ആരുമില്ല. എന്നാൽ അതിനെ തരണം ചെയ്യണമെന്നും തങ്ങൾക്ക് മുൻപുള്ള ആർട്ടിസ്‌റ്റുകളും ഇതൊക്കെ അനുഭവിച്ചതാണ് എന്നും നടി മനസ് തുറന്നു.