ഈ കഞ്ചാവ് കേസ് ആരോ കെട്ടിച്ചമക്കുന്നത്, കേസുമായി യാതൊരു ബന്ധവുമില്ല;പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി

ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴിക്കെതിരെ നടന്‍ ശ്രീനാഥ് ഭാസി രംഗത്ത്. നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും, ശ്രീനാഥ് ഭാസിക്കും നിരോധിക ലഹരി നല്‍കാറുണ്ട് എന്നായിരുന്നു കഞ്ചാവ് കേസിലെ പ്രതിയായ തസ്ലീമ മൊഴി നല്‍കിയത്. പ്രതിയുടെ ഈ ആരോപണത്തിനെതിരെയാണ് നടൻ ശ്രീനാഥ് ഭാസി പ്രതികരിച്ചത്. ഇതൊക്കെ കെട്ടിച്ചമയ്ക്കുന്നതാണ്,തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല എന്നാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. ആലപ്പുഴ ലഹരി കേസിനെ കുറിച്ച്തനിക്ക് ഒന്നും അറിയില്ല. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ് നടൻ പറഞ്ഞു.

ഇല്ലാത്ത കാര്യങ്ങളോട് തനിക്ക് കൂടുതല്‍ പ്രതികരിക്കാനില്ല എന്നാണ് നടൻ ശ്രീനാഥ് ഭാസി പ്രതികരിച്ചത്. അതേസമയം, രണ്ട് കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് സംഘം തസ്ലീമയില്‍ നിന്നും പിടികൂടിയത്, കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തസ്ലീമ. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും  ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
സിനിമ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഞ്ചാവും ,ലഹരി വസ്തുക്കളും കൈമാറുണ്ടെന്ന് തസ്ലിമ എക്‌സൈസിനോട് മൊഴി വെളിപ്പെടുത്തിയത്. സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്‌സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.