ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള!! അച്ഛനായ ദിനത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ജി വേണുഗോപാല്‍

മകന്‍ അരവിന്ദ് ജനിച്ച ദിവസത്തിന്റെ ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ച് ഗായകന്‍ ജി.വേണുഗോപാല്‍. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള എന്നുപറഞ്ഞാണ് വേണുഗോപാലിന്റെ മനംനിറയ്ക്കുന്ന കുറിപ്പ്. 31 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗായിക സുജാത മോഹനൊപ്പം എറണാകുളത്ത് ഗാനമേള അവതരിപ്പിക്കുന്നതിനിടെയാണ് താന്‍ അച്ഛനായതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അന്നത്തെ ഗാനമേളയുടെ ഓര്‍മചിത്രവും പങ്കുവച്ചാണ് വേണുഗോപാലിന്റെ കുറിപ്പ്.

ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ടെന്നു പറഞ്ഞാണ് കുറിപ്പ്. സെപ്റ്റംബര്‍ 28,1991, സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടി നടത്തുകയാണ്. അതേദിവസം രശ്മി പാലക്കാട് ആശുപത്രിയില്‍ അഡ്മിറ്റഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയിലാണ്.

ഞാന്‍ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളില്‍ പാടുകയാണ്. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്ക് അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഫോണ്‍ വരുന്നു, ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്നറിയിച്ചു. (മൊബൈലുകള്‍ക്കു മുന്‍പ്), ഉടന്‍ സ്റ്റേജില്‍ അനൗണ്‍സ്മെന്റും എത്തി. ചറപറാ റിക്വസ്റ്ററ്റുകള്‍ വരുന്നു, ‘രാരീരാരീരം’ എന്ന ഗാനം പാടുവാന്‍. അങ്ങനെ ഒരു താരാട്ടു പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.

തൊട്ടടുത്ത ദിവസം, സെപ്റ്റംബര്‍ 29/1991ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയും ഗാനമേളയുണ്ടായിരുന്നു. (താനേ പൂവിട്ട മോഹം, 1990), അങ്ങനെ മകന്‍ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാന്‍ പാലക്കാട് ആശുപത്രിയിലെത്തിയത്. അപ്പോള്‍ രശ്മിയുടെ മുഖത്ത് നിരാശയും അമര്‍ഷവും കലര്‍ന്നൊരു നോട്ടം!

നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സില്‍ വിചാരിച്ച്, ഞാന്‍ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി. നല്ല നീളവും നിറവും, പാല്‍മണവുമുള്ള എന്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വച്ചു തന്നു.

സത്യം പറഞ്ഞാല്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ലെന്നും ഗായകന്‍ പറയുന്നു. ഒരു കാര്യം തീര്‍ച്ച. പൂര്‍ണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാര്‍ഡിനോ അതിന് പകരമാകാനാകില്ലെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

മകന്റെ പിറവിയെക്കുറിച്ചുള്ള വേണുഗോപാലിന്റെ മനംനിറക്കുന്ന കുറിപ്പ് ഇതിനകം സോഷ്യല്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛനെ പോലത്തന്നെ മകന്‍
അരവിന്ദ് വേണുഗോപാലും സംഗീതരംഗത്ത് സജീവമാണ്.

Anu B