Film News

‘ഹായ് സുധി, സിനിമ ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി’; ‘തങ്കന്’ ഹൃദയത്തിൽ തൊടുന്ന അഭിനന്ദനവുമായി ​ഗൗതം മേനോൻ

പ്രമേയം കൊണ്ടും താരങ്ങളുടെ അഭിനയ മികവ് കൊണ്ടും അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് കാതൽ ദ കോർ. ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തിയ മമ്മൂട്ടി ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച അഭിപ്രായം ഒരുപോലെ നേടാൻ കഴിഞ്ഞിരുന്നു. ചിത്രം ഒടിടിയിൽ എത്തിയതോടെ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മലയാളവും ക‌ടന്ന് ഇപ്പോൾ കാതൽ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോൾ കാതലിനെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.

കാതൽ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടിന് മെസേജ് അയക്കുകയായിരുന്നു ഗൗതം മേനോൻ. “ഹായ് സുധി, സിനിമ ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. നിങ്ങളും വളരെ നന്നായി ചെയ്തിട്ടുണ്ട്. വളരെ ശക്തവും അതേസമയം സൂക്ഷ്മവുമായ ചിത്രമാണിത്. വളരെ ഇഷ്ടപ്പെട്ടു എനിക്ക്” എന്നാണ് ഗൗതം മേനോൻ സുധിക്ക് അയച്ച സന്ദേശം.

രാജ് ബി ഷെട്ടി, ഹൻസൽ മെഹ്‍ത, ദിവ്യ ദർശിനി, ശ്രേയ ധന്വന്തരി, ജി ധനഞ്ജയൻ തുടങ്ങഇ നിരവധി പേർ കാതലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. സ്വവർഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. ജ്യോതികയാണ് ചിത്രത്തിലെ നായിക. ജ്യോതികയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.

Ajay Soni