
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ഇതൊരു കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ബന്ധുക്കളെ മുൻനിർത്തിയാണ് അന്വേഷണം ആരംഭിക്കുന്നത്. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഫയർ ഫോഴ്സ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി കഴിഞ്ഞ ദിവസം ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്ന് അമ്മ പറഞ്ഞു. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നും അമ്മ പറയുന്നു. പുലർച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു.
അതേസമയം എം വിൻസെൻറ് എംഎൽഎ പറയുന്നത് ,കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും , അവിടേക്ക് തനിയെ കുട്ടി പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും,ഇതിൽ ദുരൂഹതയുണ്ടെന്നുമാണ്. അതുപോലെ കിണറിന് കൈവരി ഉണ്ടായിരുന്നു എന്നും, താൻ വീട്ടിലെത്തുന്ന സമയത്ത് മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നുവെന്നും എം വിൻസെൻറ് പറയുന്നു.











