നടിയെ ആക്രമിച്ച കേസ്: ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്തായി

നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ, വിചാരണയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. നടൻ ദിലീപ് കേസിന്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 2017 ഫെബ്രുവരി 22ന് രാവിലെ 09.22നായിരുന്നു മെസേജ് അയച്ചത്. ഈ വീണ്ടെടുത്ത മെസേജ് പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നായിരുന്നു സന്ദേശത്തിൻ്റെ ഉള്ളടക്കം. ദിലീപ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സമാനമായ സന്ദേശങ്ങൾ അയച്ചിരുന്നു.

പൾസർ സുനിയാണ് സംഭവത്തിലെ പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് കടുത്ത സമ്മർദ്ദത്തിലായെന്നും, അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക് അടക്കം മെസേജ് അയക്കാൻ കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ആക്രമണത്തിനുള്ള ക്വട്ടേഷന് പിന്നിലെ കാരണവും പ്രോസിക്യൂഷൻ വിശദീകരിക്കുന്നു. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം ആക്രമിക്കപ്പെട്ട നടി അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന കേസ്. കാവ്യാ മാധവനുമായുള്ള ദിലീപിൻ്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച മറ്റൊരു പ്രധാന കാര്യം, ദിലീപ് തൻ്റെ ഫോണിൽ കാവ്യാ മാധവൻ്റെ നമ്പരുകൾ ‘രാമൻ’, ‘RUK അണ്ണൻ’, ‘മീൻ’, ‘വ്യാസൻ’ തുടങ്ങിയ പേരുകളിലാണ് സേവ് ചെയ്തിരുന്നത് എന്നതാണ്.

എന്നാൽ, ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പോലീസിൻ്റെ കെട്ടുകഥയാണെന്ന നിലപാടാണ് ദിലീപ് കോടതിയിൽ സ്വീകരിച്ചത്. ആകെ പത്ത് പ്രതികളുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിൽ വിധി പ്രസ്താവിക്കാനുള്ള ദിവസങ്ങൾ അടുക്കുമ്പോൾ, പുറത്തുവരുന്ന ഈ വിവരങ്ങൾ ഏറെ നിർണ്ണായകമാണ്.