
റിഷികേശിലെ ഒരു സാഹസിക വിനോദ കേന്ദ്രത്തിൽ ബംഗീ ജംപിംഗിനിടെ കയർ പൊട്ടി 23 വയസ്സുള്ള യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാം സ്വദേശിയായ യുവാവിനെ 35 മീറ്ററോളം (ഏകദേശം 115 അടി) താഴേക്കാണ് വീണത്.
ബുധനാഴ്ച ശിവപുരി ത്രിൽ ഫാക്ടറി എന്ന അഡ്വഞ്ചർ പാർക്കിലാണ് അപകടം നടന്നത്. സോനു എന്ന യുവാവ് ജംപിംഗ് നടത്തുന്നതിനിടെ കയർ പൊട്ടിയതിനെത്തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ റിഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ സോനുവിൻ്റെ ആരോഗ്യനില നിലവിൽ മെച്ചപ്പെട്ടു വരുന്നതായും മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഇത് പൊതുജനമധ്യത്തിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
സംഭവത്തിൽ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലാത്തതിനാൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാളിലെ മുനി കി റേറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താനും സുരക്ഷാ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിൽ എന്തെങ്കിലും അലംഭാവം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുമായി ഒരു സാങ്കേതിക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.












