890-ലധികം തേനീച്ചകളുടെ കുത്തേറ്റു; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുൻ പ്രധാന അധ്യാപകന് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 62 വയസ്സുള്ള മുൻ പ്രധാന അധ്യാപകനെ തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. മുഖത്തും തലയിലുമായി 890-ൽ അധികം തവണ തേനീച്ചക്കുത്തേറ്റതിനെ തുടർന്ന് ഇദ്ദേഹം മരണത്തിന് കീഴടങ്ങി. ദുർഗാപൂർ സ്വദേശിയും, അവിടത്തെ ആർ.ഇ. മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന നിർമ്മൽ ദത്ത (62) ആണ് ദാരുണമായി മരിച്ചത്. ഇദ്ദേഹം ദുർഗാപൂരിലെ സുകാന്തപ്പള്ളിയിലാണ് താമസിച്ചിരുന്നത്.

ദുർഗാപൂരിൽ നിന്ന് മകനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മേജർ പാർക്കിന് സമീപത്തുവെച്ച് നിർമ്മൽ ദത്തയുടെ കഴുത്തിൽ എന്തോ കുത്തിയതായി അനുഭവപ്പെട്ടു. ഇതോടെ ഇവർ ബൈക്ക് നിർത്തി പരിശോധിക്കാൻ ശ്രമിച്ചു. ഹെൽമറ്റ് ഊരി മകനോട് കുത്തേറ്റ സ്ഥലം കാണിക്കുന്നതിനിടയിലാണ് തേനീച്ചക്കൂട്ടം കൂട്ടത്തോടെ എത്തി വയോധികനെ ആക്രമിച്ചത്.

നിർമ്മൽ ദത്തയുടെ മുഖത്ത് മാത്രമായി 890-ൽ അധികം തവണ തേനീച്ചകൾ കുത്തി. കുത്തുകളുടെ ആഘാതത്തിൽ വയോധികൻ റോഡിൽ കുഴഞ്ഞുവീണു. പിന്നാലെ മകനെയും തേനീച്ചകൾ ആക്രമിച്ചു. മകൻ സഹായത്തിനായി നിലവിളിച്ചെങ്കിലും ഉടൻ ആരും സഹായത്തിനെത്തിയില്ല.

ഏറെ വൈകിയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസ് പരിക്കേറ്റവരെ പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.