
മലപ്പുറം: മലപ്പുറം ജില്ലയിലെ മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമൊന്നുമില്ല.
കോഡൂർ സ്വദേശി വലിയാട് പിലാത്തോട്ടത്തിൽ സാലിഹിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിലെ തൊഴിലാളികൾ സമീപത്ത് വാഹനം പൊളിക്കുന്നതിനിടെയാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗൺ ആയതിനാൽ തീ അതിവേഗം ആളിപ്പടർന്നു. ടയറുകൾ അടക്കമുള്ള സ്പെയർ പാർട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ, തിരുവാലി എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണക്കാൻ നേതൃത്വം നൽകിയത്. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണ്ണമായി അണച്ചത്.
സ്ഥാപനത്തിൽ വെൽഡിംഗ് അടക്കമുള്ള വിവിധ പ്രവൃത്തികൾ നടന്നിരുന്നു. ഗോഡൗണിന് തൊട്ടടുത്ത് കാർ ബംപറുകൾ അടക്കം സൂക്ഷിച്ചിരുന്ന മറ്റൊരു ഗോഡൗൺ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാത്തത് വൻ ദുരന്തം ഒഴിവാക്കി. അഗ്നിരക്ഷാ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ സമീപത്തെ തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപത്തുകൂടി ഗെയിൽ (GAIL) വാതക പൈപ്പ്ലൈനുകൾ കടന്നുപോകുന്നതിനാൽ ഗെയിൽ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ല ഫയർ ഓഫീസർ ടി. അനൂപിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലീം, ബാബുരാജൻ എന്നിവരും നാട്ടുകാരും തീയണയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.











