
തൃശ്ശൂര്‍ മാള കീഴൂരിലെ ആറ് വയസ്സുകാരനായ ആബേലിനെ കൊലപ്പെടുത്തിയത് കൊടും ക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ കുളക്കരയിലേക്ക് കൊണ്ടുപോയത്.പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ചെങ്കിലും പ്രതി വീണ്ടും പിടിച്ച് തള്ളുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
കൊലപാതക സംഭവത്തിൽ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊലപാതകം, പോക്സോ, തട്ടിക്കൊണ്ട് പോകൽ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കുഴൂര്‍ സ്വര്‍ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകൻ ആബേലിനെയാണ് വീടിനടുത്തുള്ള കുളത്തിലാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെ വീടിന് സമീപത്തുനിന്നാണ് ഏബലിനെ കാണാതായത്. താനിശ്ശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ആബേല്‍.
കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസകളും നടത്തിയ തെരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. എന്നാൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ പൊലീസിനോട് വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.











