കൊച്ചിയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; അന്വേഷണം ഊർജ്ജിതമാക്കി

പോലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഒളിവിലുള്ള പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ. കെ.കെ. ബൈജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്ത് സ്പായിൽ പോയ പോലീസുകാരനെ, സ്വർണമാല മോഷ്ടിച്ചെന്ന വ്യാജ പരാതി ഉന്നയിച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. ഈ കേസിൽ മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി രമ്യയെ ഇന്നലെ ചമ്പക്കരയിൽ വെച്ച് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

സ്പാ കേന്ദ്രങ്ങളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പോലീസുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സുൽഫിക്കർ എന്നയാളാണെന്നാണ് അറസ്റ്റിലായ രമ്യയുടെ മൊഴി. എസ്.ഐ. ബൈജു ഉൾപ്പെടുന്ന സംഘം സമാനമായ രീതിയിൽ മറ്റാരെയെങ്കിലും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അറസ്റ്റ് ഭയന്ന് ഒളിവിൽപോയ എസ്.ഐ. ബൈജുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേസിലെ രണ്ടാം പ്രതിയായ ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിലവിൽ കേസിലെ രണ്ടാം പ്രതിയെയും മൂന്നാം പ്രതിയെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതിയായ എസ്.ഐ. ബൈജുവിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.