നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത്; യോഗത്തിന് പങ്കെടുത്തത് കളക്ടർ പറഞ്ഞിട്ടെന്ന് ദിവ്യ

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൻ്റെ പൂർണ രൂപം റിപ്പോർട്ടറിന്. ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ 536 പേജുകളുള്ള ഈ അന്വേഷണ റിപ്പോ‍ർട്ട് റിപ്പോർട്ട‍ർ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നൽകിയ മൊഴിയും ഇപ്പോൾ റിപ്പോർട്ടറിന് ലഭിച്ചു. നവീൻ ബാബുവിനെ പ്രസം​ഗത്തിന് ശേഷം നിരവധി പേർ ബന്ധപ്പെട്ടെന്നും ദിവ്യയുടെ മൊഴിയിൽ പറയുന്നുണ്ട്. കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് കലക്ടർ ചോദിച്ചു. പങ്കെടുക്കാമെന്ന് സമ്മതിച്ചെന്നും പിപി ദിവ്യ മൊഴി നൽകി.

യോഗത്തിനെത്തിയത് കലക്ടർ ക്ഷണിച്ചിട്ടെന്നും പിപി ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി,അതുപോലെ ദിവ്യ നൽകിയ മൊഴിയിൽ, നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഖമുണ്ടെന്നും പറയുന്നുണ്ട്. അതുപോലെ തൻ്റെ പ്രസംഗം സദുദ്ദേശത്തോടെയായിരുന്നു. ദുഷ്ടലാക്ക് ഉണ്ടായിരുന്നില്ല. അഴിമതി രഹിത സർക്കാരിന് വേണ്ടിയായിരുന്നു പ്രസംഗം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനായിരുന്നു പ്രസംഗമെന്നും ദിവ്യ മൊഴി നൽകി. കൂടാതെ ഫയലുകൾ നീട്ടിക്കൊണ്ട് പോകരുതെന്ന നിലപാടാണ് തനിക്കുള്ളത്. തൻ്റെ സംഘടനാ പാടവവും മൊഴിയിൽ ദിവ്യ വിശദീകരിക്കുന്നുണ്ട്.