രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗക്കേസ്: എഫ്ഐആർ വിവരങ്ങൾ പുറത്ത്; ക്രൂരപീഡനം നടന്നതായി റിപ്പോർട്ട്

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗക്കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നു. 2023-ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരമായ പീഡനമാണ് നടന്നതെന്നും എഫ്ഐആറിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്ഐആർ പകർപ്പിൽ രാഹുൽ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതി യുവതിയുടെ ടെലിഗ്രാം നമ്പർ വാങ്ങി വ്യാജ വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി, അവധിക്ക് നാട്ടിലെത്തിയ പരാതിക്കാരിയെ ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും എഫ്ഐആറിലുണ്ട്.

ഫെന്നി നൈനൻ ഓടിച്ച കാറിൽ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും, യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായെന്നും എഫ്ഐആർ വ്യക്തമാക്കുന്നു.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച കേരളത്തിന് പുറത്ത് കഴിയുന്ന 23-കാരിയായ യുവതിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് ബലാത്സംഗ വകുപ്പ് ചുമത്തി കേസെടുത്തത്. ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദത്തിലൂടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു.

സണ്ണി ജോസഫ് പരാതി പോലീസിന് കൈമാറിയതിനെ തുടർന്നാണ് കേസെടുത്തത്. യുവതി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ മൊഴിയെടുക്കാനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സജീവൻ തീരുമാനിച്ചിട്ടുണ്ട്.

പരാതിക്കാരി മൊഴിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിക്കുന്നതിൽ ഇത് നിർണായകമാകും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. പുതിയ കേസ് രജിസ്റ്റർ ചെയ്ത കാര്യവും രാഹുൽ സ്ഥിരം കുറ്റവാളിയാണെന്ന വാദവും പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർക്കുന്നതിനായി കോടതിയിൽ ഉന്നയിക്കും.