
വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞുവീണു.ഇന്ന് രാവിലെയാണ് പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ അഫാൻ കുഴഞ്ഞുവീണത്. പ്രതി ജീവനൊടുക്കാൻ പ്രവണതയുള്ളതിനാൽ കൈവിലങ്ങ് അണിയിച്ചാണ് സെല്ലിനുള്ളിൽ ഇരുത്തിയിരുന്നത്, എന്നാൽ പ്രാഥമിക കൃത്യങ്ങൾക്കായി കൈവിലങ്ങ് അഴിച്ചപ്പോളാണ് പ്രതി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇന്ന് രാവിലെ അഫാനുമായി തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. കുഴഞ്ഞുവീണ പ്രതിയെ ഉടൻ തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ നിലവിൽ പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്നും ഡോക്ടർമാർ പറയുന്നുണ്ട്.
കൂടാതെ പ്രതിക്ക് രക്തസമർദത്തിലെ വ്യതിയാനമാണ് കുഴുഞ്ഞവീണതിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.അതേസമയം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു പറഞ്ഞു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നൽകാൻ ആവശ്യപ്പെട്ടിരുന്നു. അത് നൽകാത്തതിനാലാണ് കൊലപ്പെടുത്തിയതന്നാണ് അഫാൻ പറഞ്ഞത്. മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക.
അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അഫാൻ ജയിലുദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.











