
ഈതവണ സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ മലയാളികള്‍ക്ക് വിഷു ആഘോഷിക്കാന്‍ കോഴിക്കോട്ടുനിന്ന് കണിവെള്ളരിമുതല്‍ തൂശനിലവരെ 18 ഉത്പന്നങ്ങള്‍ എമിറേറ്റ്സ് വിമാനത്തിൽ യാത്ര തിരിച്ചു കഴിഞ്ഞു. ഗ്ലാസ്ഗോവിലെ അന്‍പതോളം മലയാളികള്‍ ചേര്‍ന്ന് ഇക്കുറി വിഷു നാട്ടില്‍നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് വേണമെന്ന് തീരുമാനിക്കുകയായിരുന്നു.അവര്‍ യുണെറ്റഡ് മലയാളി അസോസിയേഷനുമായി ചേര്‍ന്ന് അതിനുള്ള ഒരുക്കങ്ങള്‍ നടത്തി. കേരളത്തിൽ നിന്നുമുള്ള വിഭവങ്ങളുമായി ഗൃഹാതുരതയോടെ വിഷു ആഘോഷിക്കാനുള്ള ആഗ്രഹം അവര്‍ സഫലമാക്കുകയാണ്.
കോഴിക്കോട്ടുനിന്നും മൈസൂരു, ഊട്ടി, നഞ്ചന്‍കോട് എന്നിവിടങ്ങളില്‍നിന്നുമായി 18 ഉത്പന്നങ്ങള്‍ സംഭരിച്ചു. രാസവസ്തുക്കളോ കീടനാശിനികളോ ഒട്ടും ഉപയോഗിക്കാത്ത ഉത്പന്നങ്ങള്‍ കണ്ടെത്തുക ശ്രമകരമായി വിജയിച്ചു. പഴവും, പച്ചമാങ്ങയും, പടവലവും, ചക്കയും ബീന്‍സും, കറിവേപ്പിലയും, മുരിങ്ങയിലയും, ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ പ്ലാന്റ് ക്വാറന്റൈന്‍ സര്‍ട്ടിഫിക്കേഷനുശേഷം 68 ബോക്‌സുകളില്‍ നിറച്ചു -മൊത്തം 425 കിലോ,1.85 ലക്ഷം രൂപ ചെലവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വിഷുവിഭവങ്ങള്‍ കൊച്ചിയിലേക്ക് പറന്നു.അവിടെനിന്ന് ദുബായ്, ലണ്ടന്‍ വഴി മാഞ്ചസ്റ്ററിലേക്ക്. വ്യാഴാഴ്ച ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും.നാട്ടില്‍നിന്നുള്ള ഉത്പന്നങ്ങളുമായി അവര്‍ വിഷു കെങ്കേമമാക്കും.











