
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (Special Summary Revision – SIR) സംബന്ധിച്ച ജോലികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഉത്തർപ്രദേശിലെ നോയിഡയിൽ 60 ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെയും (BLO) 7 സൂപ്പർവൈസർമാർക്കെതിരെയും പോലീസ് കേസെടുത്തു. നോയിഡ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വോട്ടർ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കടുത്ത സമ്മർദ്ദം നേരിടുന്നതിനിടെയാണ് നോയിഡയിലെ ഈ നടപടി. കേരളം, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ജോലി സമ്മർദ്ദം മൂലം ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിൽ പയ്യന്നൂരിൽ ബിഎൽഒ ആയ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
എസ്ഐആര്‍ ജോലിയിൽ ബിഎൽഒമാർ നേരിടുന്ന സമ്മര്‍ദത്തിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നതിനിടെയാണ് ഗ്രേറ്റര്‍ നോയിഡ കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് ബിഎൽഒമാര്‍ക്കെതിരെ കേസെടുത്തത്. എസ്ഐആര്‍ നടപടികള്‍ തിരക്കിട്ട് തീര്‍ക്കാൻ ജില്ലാ കളക്ടര്‍മാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദമാണ് സർക്കാർ ജീവനക്കാർ നേരിടുന്നത്.











