സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗർർർ…’-ലെ രസകരമായ വീഡിയോ ​ഗാനം പുറത്തിറങ്ങി. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം സിനിഹോളിക്സ് ആണ്. എസ്രയ്ക്കു ശേഷമുള്ള സംവിധായകന്റെ ചിത്രം എന്നതിനാൽ ചിത്രത്തിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ വലുതാണ്‌. ചാക്കോച്ചനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ഒരു യുവാവിൻ്റെ റോളിലാണ് ചാക്കോച്ചനെ ടീസറിൽ കാണുവാൻ സാധിക്കുന്നത്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഗർർർ… എന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എന്നതും ‘ഗർർർ…’-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്.