അവനത് ചെയ്യാമെന്ന് സമ്മതിച്ചോ ? ; വെളിപ്പെടുത്തി വിനയ് ഫോർട്ട്

സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956 മധ്യ തിരുവിതാംകൂര്‍’ എന്നീ സിനിമകളുടെ സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടര്‍ഡാം ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അയര്‍ലന്റ കോര്‍ക്ക് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച്‌ മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടികൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ഫാമിലി’ എന്ന സിനിമയെ പറ്റിയും പീഡോഫൈലായ തന്റെ കഥാപാത്രത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ‘ഫാമിലി എന്ന സിനിമ ശരിക്കും ഒരു പതിഞ്ഞ താളത്തിലുള്ള ഒരു പീഡോഫൈലിന്റെ കഥയാണ്. എന്തു കൊണ്ടായിരിക്കാം ഒരു മനുഷ്യന് ഇങ്ങനെയൊരു സ്വഭാവ വൈകല്യം ഉണ്ടാവുകയെന്ന ചിന്ത വളരെ ചലഞ്ചിങ്ങായിരുന്നു. ഡോണിന് നേരിട്ട് അറിയാവുന്നതാണ് ഈ കഥാപാത്രം. ഞാന്‍ ഈ കഥാപാത്രം ചെയ്യാമെന്നേറ്റപ്പോള്‍ അവനത് ചെയ്യാമെന്ന് സമ്മതിച്ചോ എന്ന് ചോദിച്ച ചിലരുണ്ടായിരുന്നു. ‘തിരക്കഥ വായിച്ച ശേഷം പീഡോഫൈലിന്റെ കാര്യങ്ങളൊക്കെ നന്നായി റിസര്‍ച്ച്‌ ചെയ്തു. അവരുടെ ശാരീരിക രീതിയെല്ലാം പഠിച്ച്‌ ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോഴാണ് മനസിലായത് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന്. പിന്നീട് ഡോണിന്റെ വിഷന്‍ ഫോളോ ചെയ്യുക എന്നതാണ് ഞാന്‍ ചെയ്തത്. സിനിമയിലെ ഒരു സീന്‍ എന്ന് പറയുന്നത് ഞാന്‍ ഒരു പയ്യനെ മാനിപ്പുലേറ്റ് ചെയ്ത് കൊച്ചിയില്‍ പോയി കോഴ്‌സ് എടുത്ത് പഠിക്കാൻ ഉപദേശിക്കുന്നതായിരുന്നു. സീന്‍ എടുത്ത് കഴിഞ്ഞ് ഡോണ്‍ എന്റെയടുത്ത് വന്ന് നല്ല ഡ്രാമയായിട്ടുണ്ടെന്നും, സാധാരണ രീതിയില്‍ ചെയ്താല്‍ മതിയെന്നും പറയുകയുണ്ടായി .’ എന്നും അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഇന്ത്യയിലെ സ്വാതന്ത്ര സിനിമ സംവിധായകരില്‍ ഏറ്റവും പ്രഗത്ഭനായിട്ടുള്ള ഒരാളാണ് ഡോണ്‍ പാലത്തറയെന്നും ഈ സിനിമയുടെ തിരക്കഥ വായിച്ച്‌ തന്റെ കിളി പോയിട്ടുണ്ടെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. വിനയ് ഫോര്‍ട്ടിനെ കൂടാതെ ദിവ്യ പ്രഭ, നില്‍ജ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനയ് ഫോർട്ടിനെപ്പറ്റി പറയുകയാണെങ്കിൽ, വിനയ് ഫോർട്ട് എന്നറിയപ്പെടുന്ന വിനയ് കുമാർ മലയാള  ചലച്ചിത്ര നടനാണ്. കേരളത്തിലെ ഫോർട്ട് കൊച്ചി സ്വദേശിയായ അദ്ദേഹം നാടകരംഗത്ത് ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു നാടക പ്രവർത്തകനുമാണ്. രണ്ടായിരത്തി ഒൻപതിൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന  ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നവാഗതർക്ക് സ്വാഗതം, ഷട്ടർ, പ്രേമം, 7th ഡേ, കോഹിനൂർ, ഉറുമ്പുകൾ ഉറങ്ങാറില്ല, കമ്മട്ടിപ്പാടം, കിസ്മത്ത്, ഗോഡ് സെ, ജോർജേട്ടൻസ് പൂരം, റോൾ മോഡൽസ്, തമാശ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മാലിക് എന്നിവയാണ് വിനയ് ഫോർട്ട് ചിത്രങ്ങളിൽ ചിലത്. നിരവധി വ്യത്യസ്തമായ വേഷണകൾ ചെയ്‌ത്‌ മലയാളികളുടെ ഇഷ്‌ട നടനായി മാറുകയാണ് വിനയ് ഫോർട്ട്. ഇപ്പോൾ തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന വാതിൽ ആണ് വിനയ് ഫോർട്ട് നായകൻ എത്തിയ ഏറ്റവും പുതിയ ചിത്രം.

Sreekumar R