വിശപ്പ് കൊണ്ട് ഒരു ബിസ്‌ക്കറ്റ് എടുത്ത എന്നെ അയാള്‍ അടിച്ചു, തുറന്ന് പറഞ്ഞ് നന്ദു

ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായ ആളാണ് നന്ദു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി അഭിനയ പ്രധാന്യമുള്ള നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. അടുത്തിടെ തന്റെ ആദ്യ ചിത്രമായ സര്‍വകലാശാലയുടെ സെറ്റില്‍ വെച്ച് നേരിടേണ്ടി വന്ന ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചിരുന്നു. അതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണത്തിന്റെ പേരിലായിരുന്നു പ്രശ്‌നം നടന്നത്. ആ ചിത്രത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചുമതലയുള്ള ഒരാളുണ്ടായിരുന്നു.തിരുവനന്തപുരം സ്വദേശിയാണ്.


സിനിമയുടെ സെറ്റില്‍ വൈകുന്നേരം ചായ ലഭിക്കും. കൂടാതെ ചായയ്‌ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും ഉണ്ടാകും. ബോണ്ടയോ വടയോ അങ്ങനെ എന്തെങ്കിലും ആയിരിയ്ക്കും ഉണ്ടാവുക. 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ കിട്ടും. കൂടെ ബിസ്‌കറ്റ് കിട്ടും. ആദ്യം എല്ലാവര്‍ക്കും ഒരു കപ്പില്‍ ചായ തന്നതിന് ശേഷം ബിസ്‌കറ്റും തരുന്നതാണ് രീതി. അവിടെ നാല്‍പതോളം പേരുണ്ടായിരുന്നു. എല്ലാവര്‍ക്കും രണ്ട് ബിസ്‌കറ്റ് വീതം വിതരണം ചെയ്യുന്ന ആള്‍ കൊടുത്തു.
പക്ഷെ, വിശപ്പ് സഹിക്കാതെ ആ ബിസ്‌ക്കറ്റില്‍ നിന്ന് താന്‍ ഒന്നു കൂടി എടുത്തുവെന്നും എന്നാല്‍ ഉടന്‍ തന്നെ അയാള്‍ തന്റെ കൈയ്യില്‍ അടിച്ചുവെന്നും നന്ദു പറഞ്ഞു. അപ്പോള്‍ തന്നെ കിട്ടിയ ബിസ്‌കറ്റ് കൂടി തിരിച്ച് ഏല്‍പ്പിച്ചു മറ്റൊരു സ്ഥലത്തേക്ക് താന്‍ മാറുകയായിരുന്നുവെന്നും നന്ദു പറഞ്ഞു.