വിവാദത്തിനിടെ ഹിഗ്വിറ്റ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി!!

Follow Us :

വിവാദങ്ങളെല്ലാം കടന്ന് സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ഫിലിം ചേംബറിന്റെ സമ്മതപത്രം ഇല്ലാതെയാണ് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.

എന്‍.എസ്. മാധവന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന കൃതിയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് സിനിമ വിവാദമായത്. സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദമായത്.

തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പാണ് എന്‍എസ് മാധവന്‍ അറിയിച്ചത്. ഇനി തനിക്കൊരിക്കലും ആ പേരില്‍ സിനിമ ചെയ്യാനാവില്ലെന്നും എന്‍എസ് മാധവന്‍ പറഞ്ഞിരുന്നു.

അതേസമയം എന്‍.എസ്. മാധവന് അനുകൂലമായ നിലപാടായിരുന്നു ഫിലിം ചേംബറെടുത്തത്. എന്നാല്‍ ഹിഗ്വിറ്റ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് ആണ് ഈ സിനിമയുടെ ആധാരമെന്നും എന്‍.എസ്. മാധവന്റെ കൃതിയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വാദിച്ചത്.

സിനിമയുടെ പോസ്റ്ററും ഹിഗ്വിറ്റയെന്ന പേരും കണ്ടാല്‍ ചിത്രം ഹിഗ്വിറ്റയെന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരമാണെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചേക്കും എന്നത് ഉള്‍പ്പെടെയുള്ള ആശങ്കകളാണ് എന്‍ എസ് മാധവന്‍ പറഞ്ഞത്.