ഗ്ലാമറസായി അഭിനയിക്കുന്ന നടിമാരെ ഇഷ്ടമാണ് ; രണ്ടാം വരവറിയിച്ച് നടി സംഗീത 

ശ്രദ്ധേയമായ ഒരുപിടി സിനിമകൾ സമ്മാനിച്ച് സിനിമാ ലോകത്ത് നിന്നും ഇ‌ടവേളയെടുത്ത ന‌ടിയാണ് സം​ഗീത. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകർ ഇന്നും സം​ഗീതയെ ഓർക്കുന്നത്. പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രമാണ് ശ്യാമള. പത്തൊൻപതാം വയസിലാണ് സം​ഗീത ഈ കഥാപാത്രം ചെയ്യുന്നത്. മികച്ച രീതിയിൽ കഥാപാത്രത്തെ സം​ഗീത അവതരിപ്പിച്ചു. ഒരു തമിഴ് ഓൺലൈൻ  ചാനലിന് നൽകിയ അഭിമുഖത്തിൽ സം​ഗീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിൽ തിരക്കേറിയത് ചെറിയൊരു കാലഘട്ടത്തിലാണ്. അപ്പോഴേക്കും വിവാഹം നടന്നു. കല്യാണം കഴിച്ച് കരിയറിലെ നല്ല സമയം കളഞ്ഞു എന്ന് പറഞ്ഞാൽ എനിക്കത് അം​ഗീകരിക്കാൻ പറ്റില്ല. നമ്മളാണ് തീരുമാനം എടുക്കുന്നത്. ഇതിനേക്കാൾ അത് സന്തോഷകരമായതിനാലാണ് അങ്ങനെ ചെയ്യുന്നത്. കല്യാണം എന്നത് എന്റെ ചോയ്സ് ആണ്. അക്കാലം ഞാൻ ആസ്വ​ദിച്ചു. ജോലി ചെയ്യാത്തതെന്തെന്ന് ആർക്കും തോന്നുക പോലും ചെയ്യാത്ത അന്തരീക്ഷത്തിലായിരുന്നു ഞാൻ. ഞാൻ സിനിമാ ന‌ടിയാണെന്ന തോന്നൽ എന്റെ ഭർത്താവിന്റെ വീട്ടുകാർക്കും ഇല്ല. അമ്പലത്തിലോ മറ്റോ പോകുമ്പോൾ ആരെങ്കിലും എന്നെ തിരിച്ചറിയുമ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത് തന്നെ. സം​ഗീത, നിന്നെയാണ് അവർ നോക്കുന്നതെന്ന് പറയുമെന്നും സം​ഗീത വ്യക്തമാക്കി. ചെറിയ പ്രായം മുതലേ അഭിനയിക്കുന്നതിനാൽ എനിക്ക് ഇഷ്‌ടമില്ലാത്ത കാര്യം ചെയ്യാൻ പറ്റില്ല. ഞാൻ ഒരുപാട് സിനിമകൾ കാണുന്ന ആളാണ്. ​ഗ്ലാമറസായി അഭിനയിക്കുന്ന നടിമാരെയെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഞാൻ അങ്ങനെ എക്സ്പോസ് ചെയ്ത് അഭിനയിക്കുന്നത് എനിക്ക് കൺവീനിയന്റ് അല്ല. ഞാൻ വർക്ക് ചെയ്ത പടങ്ങളേക്കാളും നിരസിച്ച പടങ്ങളാണ് കൂടുതൽ. ഒരു ഷോട്ടിന്റെ പേരിൽ പോലും സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്. മലപ്പുറം കോ‌ട്ടക്കൽ സ്വദേശിയായ മാധവൻ നായരും പത്മയുമാണ് സം​ഗീതയുടെ മാതാപിതാക്കൾ. ബാലതാരമായാണ് സം​ഗീത സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഛായാ​ഗ്രഹകൻ ശരവണനുമായി പ്രണയത്തിലായ സം​ഗീത ഇദ്ദേഹത്തെ വിവാഹം ചെയ്തു. ഇതിന് ശേഷമാണ് സിനിമാ രം​ഗത്ത് നിന്നും നടി മാറി നിന്നത്.

ഒരു മകളും ദമ്പതികൾക്ക് പിറന്നു. മകളുടെ കാര്യങ്ങൾക്കായാണ് സിനിമാ രം​ഗത്ത് നിന്നും മാറി നിന്നതെന്ന് സം​ഗീത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2000 ത്തോടെ അഭിനയ രം​ഗം വിട്ട സം​ഗീതയെ പിന്നീട് പ്രേക്ഷകർ കാണുന്നത് 14 വർഷത്തിന് ശേഷം ന​ഗര വാരിധി നടുവിൽ ഞാൻ എന്ന സിനിമയിലാണ്. ശ്രീനിവാസനായിരുന്നു ചിത്രത്തിലെ നായകൻ. 2014 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് ശേഷം തു‌ടർന്നും സിനിമകൾ വന്നെങ്കിലും കുടുംബത്തിനാണ് പ്രാധാന്യമെന്ന് വ്യക്തമാക്കി നടി സിനിമകൾ വേണ്ടെന്ന് വെച്ചു. വർഷങ്ങൾക്കിപ്പുറം വീണ്ടും സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് സം​ഗീത ഇപ്പോൾ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് പുറമെ വാഴുന്നോർ, അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ തുടങ്ങിയവയും സം​ഗീത അഭിനയിച്ച ശ്രദ്ധേയ മലയാള സിനിമകളാണ്. വർഷങ്ങൾ നീണ്ട ഇ‌ടവേളയ്ക്ക് ശേഷം ചാവേർ എന്ന മലയാള ചിത്രത്തിലൂടെയാണ് സംഗീതയുടെ രണ്ടാം വരവ്. അടുത്തിടെ റിലീസ് ചെയ്ത ചാവേറിന് തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.