സിനിമാ മാമാങ്കത്തിന് ഒരുങ്ങി തിരുവനന്തപുരം!!! ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

സിനിമാ മാമാങ്കത്തിന് ഒരുങ്ങി തലസ്ഥാനം. ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍ നവാഗത സംവിധായകന്‍ മുഹമ്മദ് കൊര്‍ദോഫാനിയുടെ ഗുഡ്ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മാമാങ്കത്തില്‍ 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്.

പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഗുഡ്ബൈ ജൂലിയ.

യുദ്ധഭൂമിയില്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ക്ലാസ്സിക്കുകളായ ഓളവും തീരവും, യവനിക, ഭൂതക്കണ്ണാടി, വാസ്തുഹാര എന്നിവ വീണ്ടും തിരശീലയില്‍ എത്തുന്നുണ്ട്.

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ ലോക സിനിമ വിഭാഗത്തിലുണ്ട്. ലോക സിനിമയിലെ അതികായന്മാരായ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. വിഖ്യാത പോളിഷ് ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. തലസ്ഥാന നഗരിയില്‍ 15 വേദികളിലായി നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ഈ മാസം 15ന് തിരശ്ശീല വീഴും.