24 മണിക്കൂറില്‍ 10 മില്യണ്‍ കാഴ്ചക്കാര്‍!!! തിയ്യേറ്ററിലെത്തും മുന്‍പ് റെക്കോര്‍ഡിട്ട് വാലിബന്‍

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രം റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡിട്ട് ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ വ്യൂവര്‍ഷിപ് ഭേദിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് വാലിബന്‍.

വാലിബന്റെ ടീസറിന് 24 മണിക്കൂറില്‍ 10 മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പത്തു മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത് ആണ്. ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബന്‍ 24 മണിക്കൂര്‍ കൊണ്ട് തകര്‍ത്തത്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പൂര്‍ണമായും പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമായിരിക്കും എന്നാണ് ഓരോ അപ്‌ഡേറ്റുകളും സൂചിപ്പിക്കുന്നത്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായിരുന്നു മലൈക്കോട്ടൈ വാലിബന്‍ ഷൂട്ട് ചെയ്തത്.