ചെസ്സ് ബോര്‍ഡില്‍ കറുത്ത കരുക്കള്‍ നീക്കി…! ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെപ്പോലും വീഴ്ത്തിയ പതിനാറുകാരന്‍..!! ഇന്ത്യയ്ക്ക് അഭിമാനം..!!

മനസ്സും ശരീരവും ഏകാഗ്രമാക്കി ചെസ്‌ബോര്‍ഡില്‍ സൂക്ഷമമായ 39 നീക്കങ്ങള്‍… അത് മതിയായിരുന്നു രമേശ്ബാബു പ്രജ്ഞാനന്ദ എന്ന പതിനാറ് വയസ്സുകാരന് ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്താന്‍. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ…

മനസ്സും ശരീരവും ഏകാഗ്രമാക്കി ചെസ്‌ബോര്‍ഡില്‍ സൂക്ഷമമായ 39 നീക്കങ്ങള്‍… അത് മതിയായിരുന്നു രമേശ്ബാബു പ്രജ്ഞാനന്ദ എന്ന പതിനാറ് വയസ്സുകാരന് ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്താന്‍. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരം കാള്‍സണെ അട്ടിമറിച്ച് ലോകശ്രദ്ധ നേടിയത്. അങ്ങനെ പ്രജ്ഞാനന്ദ ഇന്ത്യയുടെ അഭിമാനതാരമായിരിക്കുകയാണ്.

ഇതോടെ വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സണെ പരാജയപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി പ്രജ്ഞാനന്ദ. കറുത്ത കരുക്കളുമായി കളിച്ച ഇന്ത്യന്‍ താരം 39 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കിയത്. എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് പോയിന്റുമായി 12-ാം സ്ഥാനത്താണ് പ്രജ്ഞാനന്ദ. തുടര്‍ച്ചയായി മൂന്ന് വിജയവുമായി വന്ന കാള്‍സണെയാണ് പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണോട് പരാജയപ്പെട്ട റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമത്.

ഡിംഗ് ലിറനും ഹാന്‍സണുമാണ് രണ്ടാം സ്ഥാനത്ത്. ഇരുവര്‍ക്കും 15 പോയിന്റ് വീതമാണുള്ളത്. തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് പ്രജ്ഞാനന്ദ. സഹോദരി വൈശാലിയാണ് പ്രഞ്ജാനന്ദയ്ക്ക് ചതുരംഗക്കളത്തിലേക്കുള്ള പ്രചോദനമായത്.

ചേച്ചിയില്‍ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രജ്ഞാനന്ദ പിന്നീട് ആര്‍.ബി.രമേശിന് കീഴില്‍ പരിശീലനം ആരംഭിച്ചു. ചതുരംഗ കളത്തില്‍ പ്രജ്ഞാനന്ദയുടെ അടുത്ത നീക്കങ്ങള്‍ കാണാനാണ് ലോകം ഉറ്റുനോക്കുന്നത്. അടുത്ത മത്സരത്തില്‍ നോദിര്‍ബെക് അബ്ദുസത്തറോവാണ് പ്രജ്ഞാനന്ദയുടെ എതിരാളി.