വിദേശ രാജ്യങ്ങളില്‍ വരെ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടംനേടി മലയാള ചിത്രം ‘ഇരട്ട’

ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ‘ഇരട്ട’യുടെ വമ്പന്‍ തിയേറ്റര്‍ ഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത് മുതല്‍ വിദേശ രാജ്യങ്ങളിലും ടോപ് ടെന്‍ ലിസ്റ്റില്‍ തുടരുകയാണ്, ഇമോഷനല്‍ ത്രില്ലര്‍ ചിത്രമായ ‘ഇരട്ട’. മലയാളത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ചിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോള്‍. ഇന്ത്യയില്‍ ഇപ്പോള്‍ ടോപ് ടൂവില്‍ തുടരുന്ന ‘ഇരട്ട’ ശ്രീലങ്കയില്‍ ടോപ് ത്രീയും ബംഗ്‌ളാദേശിലും ജിസിസിയിലും ടോപ് ഫോറുമായി തുടരുകയാണ്.

സിംഗപ്പൂരില്‍ ടോപ് സേവനും മാലി ദ്വീപില്‍ എട്ടാമതും മലേഷ്യയില്‍ പത്താമതുമാണ്. ഇത് മലയാളികള്‍ക്ക് അഭിമാനം കൊള്ളാവുന്ന ഒരു കാര്യമാണ്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ സിനിമ കണ്ട ശേഷം ജോജുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മാത്രവുമല്ല സിനിമയുടെ അന്യഭാഷ റീമേക്കുകളും പല ഭാഷകളില്‍ വിറ്റുപോയിട്ടുണ്ട്. ‘ഇരട്ട’യിലെ ജോജുവിന്റെ അസാമാന്യ പ്രകടനം പ്രേക്ഷകരെ ആവേശഭരിതമാക്കുന്നുണ്ട്. ജോജുവിന്റെ ഗംഭീര പ്രകടനത്തോടൊപ്പം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സീനുകളും അപ്രതീക്ഷിക ട്വിസ്റ്റും ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പ്രേക്ഷകര്‍ ഇതുവരെ കണ്ട് പരിചയിച്ച പൊലീസ് സ്റ്റോറിയോ പൊലീസ് സ്റ്റേഷനോ അല്ല ചിത്രത്തിലുള്ളത് എന്നതാണ് മറ്റൊരു സവിശേഷത. ഏകാന്തതയുടെ നെരിപ്പോട് ഉള്ളില്‍ പേറി അസാന്മാര്‍ഗിക പാതയിലൂടെ സഞ്ചരിക്കുന്ന ഒരുവനും നന്മയും സ്‌നേഹവുമുള്ള സന്മാര്‍ഗിയായ ഒരുവന്റെ മനോവിക്ഷോഭങ്ങളും പക്വതയോടെയും തന്മയത്തത്തോടെയും അവതരിപ്പിച്ചതിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ് എന്ന നടന്‍. നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി 3നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിക്കുന്ന ഈ ത്രില്ലര്‍ ചിത്രം ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ത്രില്ല് നിലനിര്‍ത്തിക്കൊണ്ട് മനുഷ്യ മനസ്സിന്റെ നിഗൂഢ തലങ്ങളിലൂടെ അതിസൂക്ഷ്മമായി സഞ്ചരിച്ച വളരെ മികച്ചൊരു ഇമോഷണല്‍ ത്രില്ലര്‍ തന്നെയാണ് ‘ഇരട്ട’.

Gargi