നേരിൽ മോഹൻലാൽ അന്ധനോ?, സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച

മലയാള സിനിമയിൽ  ത്രില്ലറുകള്‍ ഒരുക്കാന്‍ ഏറ്റവും സമർത്ഥനായ  സംവിധായകൻ  ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി എത്തുന്നത് ഒരു പേരിലേക്കാവും. ജിത്തു ജോസഫ് എന്നാവും അത്. ദൃശ്യം എന്ന അദ്ദേഹത്തിന്‍റെ ഒരൊറ്റ ചിത്രം…

മലയാള സിനിമയിൽ  ത്രില്ലറുകള്‍ ഒരുക്കാന്‍ ഏറ്റവും സമർത്ഥനായ  സംവിധായകൻ  ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം സിനിമാപ്രേമികളും പറയുന്ന മറുപടി എത്തുന്നത് ഒരു പേരിലേക്കാവും. ജിത്തു ജോസഫ് എന്നാവും അത്. ദൃശ്യം എന്ന അദ്ദേഹത്തിന്‍റെ ഒരൊറ്റ ചിത്രം നേടിയ അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് അതിന് കാരണം.  അതെ  ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍‌ പോവുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കാൻ പോകുന്ന “നേര്”. രണ്ട് ദിവസം മുൻപാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ, റാം സീരിസ് എന്നിവക്ക് ശേഷം മോഹൻലാൽ ജീത്തു ടീമൊന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പതിനേഴിന് തിരുവനന്തപുരത്ത് ആരംഭിക്കും. മോഹൻലാൽ ഓഗസ്റ്റ് 25 ന് ശേഷമാണ് ഇതിൽ ജോയിൻ ചെയ്യുക. എന്നാൽ ടൈറ്റിൽ പോസ്റ്റർ വന്നപ്പോൾ മുതൽ ഇതിലെ മോഹൻലാൽ കഥാപാത്രം എന്തായിരിക്കുമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. കാരണം, ഇതിന്റെ പോസ്റ്ററിൽ ഒരു കോടതിമുറിയുടെ പശ്ചാത്തലത്തിൽ നീതി ദേവതയുടെ പ്രതിമയും, അതോടൊപ്പം കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ആശയവിനിമയത്തിനായുള്ള ബ്രെയിൽ ലിപി എന്ന് തോന്നുന്ന രീതിയിൽ അച്ചടിച്ച ഒരു തുറന്ന പുസ്തകവും കാണാൻ സാധിക്കും. അത് കണ്ടതോടെ ആരാധകർക്കിടയിൽ ഒരു സംശയം ഉദിച്ചിരിക്കുകയാണ്.ചിത്രത്തിലെ  മോഹൻലാൽ കഥാപാത്രം അന്ധനായ വ്യക്തിയാണോ എന്ന്.ഈ തരത്തിലുള്ള   ചർച്ചകളാണ്  സോഷ്യൽ മീഡിയയിൽ ഇപ്പോൾപുരോഗമിക്കുന്നത്. അങ്ങനെയാണെങ്കിൽ, ഒപ്പം എന്ന  പ്രിയദർശൻ ചിത്രത്തിന് ശേഷം മോഹൻലാൽ അന്ധനായി അഭിനയിക്കുന്ന ചിത്രമായിരിക്കും നേര്.

ഇതോടൊപ്പം മോഹൻലാൽ വക്കീൽ ആണെന്നും, സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നുമുള്ള ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടിയും വക്കീലുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് രചിച്ച ഈ ചിത്രം ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.നീതി തേടുന്നു എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാണു  സൂചന.നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ​ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്ര കൂടിയാണിത്. വിഷ്ണു ശ്യാം സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ്‌ വിനായക് ആണ് .സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ആശീര്‍വാദ് സിനിമാസിന്റെ 33മത് ചിത്രമാണിത്. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. 2020ല്‍ കോവിഡ് വ്യാപനത്തോടെ സിനിമ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ ദൃശ്യം 2 പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെ മോഹന്‍ലാല്‍ ജീത്തു കോമ്പോയില്‍ ’12ത് മാന്‍’ എന്ന സിനിമയും എത്തി. റാം ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.