40 ഹൗസ്‍ഫുള്‍ ഷോകളുമായി ‘ജയിലര്‍’; കളക്ഷന്‍ പുറത്തുവിട്ട് തൃശൂര്‍ രാഗം

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യ രണ്ടാഴ്ച കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 525…

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യ രണ്ടാഴ്ച കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 525 കോടി രൂപ നേടിയിരുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം തമിഴ്നാടിന് പുറമെയുള്ള മാര്‍ക്കറ്റുകളിലും വലിയ വിജയമാണ് നേടിയത്. കേരളത്തിലും അതേപോലെ തന്നെ. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ജയിലര്‍ നേടിയത്. ഇപ്പോഴിതാ തങ്ങളുടെ തിയറ്ററില്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കേരളത്തിലെ ബിഗ് കപ്പാസിറ്റി തിയറ്ററുകളില്‍ ഒന്നായ തൃശൂര്‍ രാഗം. 40 ല്‍ അധികം ഹൗസ്ഫുള്‍ ഷോകളാണ് ജയിലറിന് ലഭിച്ചതെന്ന് രാഗം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ആകെ ലഭിച്ച കളക്ഷന്‍ 50 ലക്ഷത്തിന് മുകളിലാണെന്നും. ഇത് റെക്കോര്‍ഡ് ആണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് 50 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായകവേഷവും മലയാളികള്‍ക്ക് ചിത്രത്തോട് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. ഇരുവരുടെയും പ്രകടനങ്ങള്‍ ഭാഷാതീതമായി കൈയടി നേടിയിരുന്നു. അതെസമയ കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികൾ നെഞ്ചേറ്റിയത്‌ തമിഴ്‌സിനിമ ‘ജയിലർ ആണെന്നാണ് റിപ്പോർട്ടുകൾ ’.

ചരിത്രത്തിലാദ്യമായാണ്‌ ഓണത്തിന്‌ മലയാളസിനിമകളെ പിന്തള്ളി തമിഴ്‌ സിനിമ കലക്ഷനിൽ മുന്നിലെത്തിയത്‌. താരപ്പൊലിമയൊന്നുമില്ലാതെ തിയറ്ററിലെത്തിയ ആർഡിഎക്‌സ്‌ തൊട്ടുപിന്നിൽ പ്രദർശനവിജയം നേടിയപ്പോൾ, ‘കിങ് ഓഫ്‌ കൊത്ത’ മൂന്നാംസ്ഥാനത്തായി.ഓണക്കാല കൊയ്‌ത്തിലായിരുന്നു തിയറ്ററുകളുടെ പ്രതീക്ഷ. ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ്‌ കൊത്ത’ എന്ന ബിഗ്‌ബജറ്റ്‌ ചിത്രം പ്രതീക്ഷ കുന്നോളമാക്കിയെങ്കിലും , പ്രതീക്ഷകൾക്കൊത്ത്‌ ഉയർന്നില്ല. ആദ്യ എട്ടുദിവസത്തിനുള്ളിൽ 50 കോടിക്കുമുകളിൽ കലക്‌ഷൻ നേടാനായെങ്കിലും മലയാളികളുടെ ഓണച്ചിത്രമാകാൻ കഴിഞ്ഞില്ല. ആദ്യദിന കലക്‌ഷൻ 5.75 കോടിയായിരുന്നു. 50 കോടിയോളമാണ്‌ ‘കിങ് ഓഫ്‌ കൊത്ത’യുടെ നിർമാണച്ചെലവ്‌.ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷമിട്ട ‘ആർഡിഎക്‌സ്‌’ അതിവേഗം പ്രേക്ഷകർ ഏറ്റെടുത്തു. 10 കോടിയോളം നിർമാണച്ചെലവുള്ള ചിത്രം വലിയ പ്രചാരണ കോലാഹലമില്ലാതെയാണ്‌ തിയറ്ററിലെത്തിയത്‌. റിലീസ്‌ ദിവസം 1.30 കോടി രൂപമാത്രമായിരുന്നു കലക്‌ഷൻ. എന്നാൽ, ആദ്യവാരം നേടിയത്‌ 60 കോടിയോളം. കേരളത്തിൽനിന്നുമാത്രം 26 കോടി. നിവിൻ പോളി നായകനായ ‘രാമചന്ദ്ര ബോസ്‌ ആൻഡ്‌ കോ’ പ്രതീക്ഷ സമ്മാനിച്ചെങ്കിലും തിയറ്ററുകളിൽ നിരാശപ്പെടുത്തി. ആദ്യവാരം 4.77 കോടിമാത്രമാണ്‌ നേടിയത്‌. റിലീസ്‌ ദിവസത്തെ കലക്‌ഷനിൽ കിങ്‌ ഓഫ്‌ കൊത്തയെയും മറികടന്ന ജയിലർ 5.85 കോടി നേടി. ആദ്യവാരം പിന്നിട്ടപ്പോൾ 56.50 കോടിയായി.കേരളത്തിലെ തിയറ്ററുകളുടെ ഓണക്കാലം ജയിലർ സിനിമയ്‌ക്കൊപ്പമായിരുന്നെന്ന്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ പറഞ്ഞു. രണ്ടു മലയാള ഓണച്ചിത്രങ്ങൾക്കും ഒരാഴ്‌ചമുമ്പേ കേരളത്തിൽ റിലീസായ ജയിലർ, നിറഞ്ഞ സദസ്സിൽ ഇപ്പോഴും തുടരുന്നു. ജയിലര്‍ വിജയാഘോഷത്തിന്‍റെ ഭാഗമായി രജനികാന്തിനും നെല്‍സണ്‍ ദിലീപ്‍കുമാറിനും ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. ഒപ്പം ചെക്കുകളും. 110 കോടിയായിരുന്നു രജനികാന്തിന് ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലം. പ്രോഫിറ്റ് ഷെയറിംഗിലൂടെ പിന്നീട് 100 കോടിയും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.