റീ എൻട്രിയുടെ ഭാ​ഗമായി ആദ്യം ഹൗസിലേക്ക് വന്നത് ജാൻമണിയാണ്

Follow Us :

ഫിനാലെ വീക്ക് ആരംഭിച്ചതോടെ ഹൗസിൽ നിന്നും എവിക്ടായി പോയ മത്സരാർത്ഥികൾ ഓരോരുത്തരായി തിരികെ വന്ന് തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള കുറച്ച് ദിവസങ്ങൾ ഫൈനലിസ്റ്റുകൾക്ക് ഊർജം പകരാനായി എവിക്ടായി പോയ മത്സരാർത്ഥികൾ ഹൗസിലുണ്ടാകും. മത്സരാർത്ഥികളുടെ റീ എൻട്രിക്കായി പ്രേക്ഷകരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. റീ എൻട്രിയുടെ ഭാ​ഗമായി ആദ്യം ഹൗസിലേക്ക് വന്നത് ജാൻമണിയാണ്. അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ചാണ് ബി​ഗ് ബോസ് ടീം ജാൻമണിയെ ഹൗസിൽ എത്തിച്ചത്. പോയവർ ഓരോരുത്തരായി തിരികെ വരാൻ തുടങ്ങിയെന്ന് മനസിലായതോടെ ഹൗസിൽ അവശേഷിക്കുന്ന ഫൈനലിസ്റ്റുകൾ ആവേശത്തിലാണ്. ജാൻമണിക്ക് പിന്നാലെ യമുനയും ഹൗസിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ​​ഗാർ‌ഡൺ ഏരിയയിൽ വലിയൊരു ​ഗിഫ്റ്റ് ബോക്സിനുള്ളിൽ ഒളിച്ചിരുന്ന് സർപ്രൈസ് നൽകിയായിരുന്നു യമുനയുടെ റീ എൻട്രി. ​ഗാർഡൺ ഏരിയയിൽ ​ഗിഫ്റ്റ് ബോക്സ് കണ്ടതോടെ ഫൈനലിസ്റ്റുകൾ ആവേശത്തിലായി. ആരായിരിക്കും എന്ന് അറിയാൻ ഏറ്റവും ആവേശം ജാസ്മിനായിരുന്നു.

കാരണം ​ഗബ്രിയുടെ റീഎൻട്രിക്കായി കാത്തിരിക്കുകയാണ് ജാസ്മിൻ. പ്രധാന വാതിലിന്റെ ലോക്ക് മാറിയപ്പോൾ ​ഗാർഡൺ ഏരിയയിലെ ​ഗിഫ്റ്റ് ബോക്സിന് അരികിലേക്ക് ആദ്യം ഓടി എത്തിയത് ജാസ്മിനാണ്. എനിക്ക് കാണണം… പെട്ടിക്കുള്ളിൽ ഞാൻ‌ ആ​ഗ്രഹിക്കുന്നയാളാകണേ റബ്ബേ… എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ജാസ്മിൻ ഓടി വന്നത്. പക്ഷെ ​ഗിഫ്റ്റ് ബോക്സ് തുറന്നപ്പോൾ പെട്ടിക്കുള്ളിൽ യമുനയായിരുന്നു. ​​ഗബ്രി വരാത്തതിന്റെ നിരാശയൊന്നും കാണിക്കാതെ ജാസ്മിൻ വേ​ഗം യമുനയെ കെട്ടിപിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. പ്രമോ വൈറലായതോടെ നിരവധി രസകരമായ കമന്റുകൾ ജാസ്മിനേയും ​ഗബ്രിയേയും കുറിച്ച് വീഡിയോയ്ക്ക് വരുന്നുണ്ട്. ജാസ്മിന്റെ വാപ്പയ്ക്ക് ഇതൊക്കെ കണ്ട് വീണ്ടും ഒരു ബ്ലോക്ക്‌ വരാനുള്ള സാധ്യത കാണുന്നുണ്ട്. ​ഗബ്രിയെ കാണാൻ ജാസ്മിൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം പുറത്തിറങ്ങിയ ​ശേഷം ജാസ്മിന്റെ വാപ്പ ഗബ്രിയെ വിളിക്കുകയും അഭിമുഖങ്ങളിൽ ജാസ്മിന്റെ പേര് എവിടെയും ഉച്ചരിക്കരുതെന്നും ​ഗബ്രിക്ക് താക്കീത് നൽകിയിരുന്നു.

അതുകൊണ്ട് തന്നെ ഹൗസിലേക്ക് തിരികെ വരുമ്പോൾ ജാസ്മിനോടുള്ള ​ഗബ്രിയുടെ സമീപനം എന്തായിരിക്കുമെന്ന് അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഏതായാലും തുടർന്നുള്ള ദിവസങ്ങളിൽ ബാക്കിയുള്ള മത്സരർഥികളും വീട്ടിലേക്കു എത്തുന്നതായിരിക്കും. അതേസമയം ഈ വരുന്ന ഞായറാഴ്‍ച ഗ്രാൻഡ് ഫിനാലെയാണ്. ആരാകും വിജയിയെന്ന് അറിയാൻ ഷോയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. ഷോയുടെ അവതാരകനും നടനുമായ മോഹൻലാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് വോട്ടിംഗിന്റെ പ്രാധാന്യമാണ്. പവര്‍ റൂം അവതരിച്ചുവെന്നതായിരുന്നു ഇക്കുറി ഷോയുടെ പ്രധാന പ്രത്യേകത. ബിഗ് ബോസിന്റെ സര്‍വാധികരികളാണ് പവര്‍ ടീം അംഗങ്ങള്‍. എന്നാൽ പാവററൂം കോൺസെപ്റ്റ് സേഫ് ഗൈയിമേഴ്സിന് രക്ഷനേടാനുള്ള ഒരു മാർഗമായതോടെ പവര്‍ റൂം പ്യൂപ്പിള്‍സ് റൂമാകുന്നതും ഒടുവില്‍ കണ്ടു. ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളുടെ അവസാന വിധി നിര്‍ണയിക്കുന്നത് പ്രേക്ഷകരുടെ വോട്ടിംഗിലൂടെയാണ്. ഞായറാഴ്‍ച ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ആറിന്റെ കിരീടധാരണം നടക്കും. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വപ്‍നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ട്. അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത് വോട്ടുകളാണ്. അര്‍ഹതയുള്ള മത്സരാര്‍ഥി വിജയിയായി ഉയര്‍ന്ന് വരണമെന്നും അതിനായി ശ്രദ്ധിച്ച് മാത്രം വോട്ട് ചെയ്യണമെന്നുമാണ് മോഹൻലാൽ കഴിഞ്ഞ ദിവസം ബിബി പ്രേക്ഷകരോടായി പറഞ്ഞത്. ഏതായാലും കപ്പ് ആരുയർത്തുമെന്നത് കാത്തിരുന്ന കാണാം.