Film News

നെറ്റ്ഫ്ലിക്സിലും ‘ജവാന്’ മുന്നേറ്റം  ; റെക്കോര്‍ഡ് തിരുത്താൻ ഇനി ആർക്കാകും ?

പ്രഖ്യാപനം മുതൽ മാധ്യമങ്ങളിലും പ്രേക്ഷകരിലും മികച്ച സ്വീകാര്യതയാണ് ജവാന് ലഭിച്ചിരുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച വിജയമായിരുന്നു ഷാരുഖ് ഖാൻ ചിത്രം ജവാന്റേത്. റെക്കോര്‍ഡുകള്‍ പലതും ജവാന്റെ പേരിലാണ് ഇപ്പോൾ. ഇനി ജവാനെ മറികടക്കുക ഏത് ചിത്രമാകും എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍. നെറ്റ്‍ഫ്ലിക്സിലും ഷാരൂഖ് ഖാൻ നായകനായ ചിത്രം കാഴ്‍ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തി മുന്നേറുകയാണ് എന്നാണ് ഒടിടി പ്ലാറ്റ്‍ഫോമിന്റെ തന്നെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സെപ്റ്റംബർ ഏഴിനായിരുന്നു ചിത്രം തീയേറ്ററിൽ റീലീസ്സ് ചെയ്തത്. ഗ്ലോബല്‍ ടോപ് ടെന്നില്‍ ഷാരൂഖ് ചിത്രം ജവാൻ നിലവിലെ കണക്കനുസരിച്ച് നോണ്‍ ഇംഗ്ലിഷ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് നില കൊള്ളുന്നത്. ഒരു കോടിയിലേറെ  മണിക്കൂറാണ് ജവാൻ കണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും ഷാരൂഖ് ഖാൻ ചിത്രം ഒന്നാം സ്ഥാനത്താണ് ഈ സ്ഥാനം മറികടക്കാൻ പിന്നീടിറങ്ങിയ ഒരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല. നെറ്റ്ഫ്ലിക്സിലും ജവാൻ വൻ ഹിറ്റ് ചിത്രമായി മാറുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തമിഴിലെ യുവസംവിധായകൻ അറ്റ്ലി കുമാർ ആയിരുന്നു ജവാൻ സംവിധാനം ചെയ്‌തത്‌. അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ജവാൻ.

ഷാരൂഖിൻറെ ഗംഭീര തിരിച്ചുവരവ് പഠാൻ സാധ്യമാക്കിയെങ്കിലും, അറ്റ്ലീയെ അറിയാവുന്നവർ കാത്തിരുന്നത് ജവാനു വേണ്ടി ആയിരുന്നു. വിജയിയെ നായകനാക്കി അറ്റ്ലീ ഒരുക്കിയ തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളുടെ തുടർ വിജയങ്ങളാണ് പ്രേക്ഷകർക്ക് ആ പ്രതീക്ഷ നൽകിയത്. ആക്ഷനിലേക്ക് ചുവടുമാറ്റിയ കിംഗ്‌ ഖാനൊപ്പം അറ്റ്ലീയുടെ അവതരണവും ചേർന്നപ്പോൾ വെളളിത്തിരയിൽ തീപാറുന്ന അനുഭവമാണ് ദൃശ്യമായത്.ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി രൂപയിലധികം നേടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി നയൻതാരയും ചിത്രത്തില്‍ മികച്ച പ്രകടനമാണ്  കാഴ്ച വെച്ചത്. ഇതാദ്യമായിട്ടാണ് നയൻതാര ഒരു ബോളിവുഡ് ചിത്രത്തില്‍ നായികയായി വേഷമിടുന്നതും അതും ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാന്റെ നായിക ആയി തന്നെ ആദ്യ ബോളിവുഡ് അരങ്ങേറ്റം. ഏറെ പ്രതീക്ഷകൾ പങ്കു വെച്ച് കൊണ്ടായിരുന്നു നയൻ‌താര ബോളിവുഡിലേക്ക് ചുവട് വെച്ചത്. അരങ്ങേറ്റം പിഴച്ചില്ല എന്ന് തന്നെയായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ റെക്കോർഡ് തെളിയിച്ചത്. ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി രാഷ്‍ട്രീയ സന്ദേശം പകരുന്നതു കൂടിയായിരുന്നു ജവാൻ.

ജവാനില്‍ വിജയ് സേതുപതിയാണ് വില്ലൻ ആയെത്തിയത്. സഞ്‍ജയ് ദത്തും ദീപിക പദുക്കോണും  അതിഥി വേഷത്തിലും എത്തിയിരുന്നു. ഷാരൂഖ് ഖാൻ നായകനായ ഹിറ്റ് ചിത്രത്തില്‍ , സന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, പ്രിയാമണി,ഗിരിജ, സുനില്‍ ഗ്രോവര്, ലേഹര്‍ ഖാൻ, ആലിയ ഖുരേഷി, മുകേഷ് ഛബ്ര, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങളും മറ്റ് കഥാപാത്രങ്ങളായി എത്തിയിരുന്നു.ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു വൺമാൻ ഷോ ചിത്രം എന്നാണ് ‘ജവാൻ’ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകർ  പ്രതികരിച്ചത്. ‘വിക്രം റാത്തോര്‍’ മിന്നിച്ചുവെന്നാണ് ‘ജവാൻ’ പുറത്തിറങ്ങിയ ശേഷം ആദ്യം വന്നിരുന്ന പ്രതികരണങ്ങൾ  അറ്റ്ലിയുടെ മാസ്റ്റർപീസ് ചിത്രമാണ് ജവാൻ എന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വിദേശത്തും ഷാരൂഖ് ഖാന്റെ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം അറിയാൻ കഴിയുന്നത്.  മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമ ആദ്യമായി നേടുന്ന റെക്കോര്‍ഡ് ജവാൻ സ്വന്തമാക്കിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ജവാനാണ് ഇപ്പോള്‍ മുന്നിലുള്ളത്. ജവാന്റെ ആകെ ബജറ്റ് 300 കോടി രൂപയായിരുന്നു.

Sreekumar R