Film News

‘കുട്ടിക്കാലം മുതലേ ലെനയ്ക്ക് എല്ലാത്തിലും സംശയമാണ്’ ; വെളിപ്പെടുത്തി അമ്മ ടീന

മലയാളത്തിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ലെന. കഴിഞ്ഞ കുറച്ച് നാളുകളായി നടി ലെന ആത്മീയതയെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ  ചർച്ചയായി മാറിയിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ലെനയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടിയുടെ അമ്മയും അച്ഛനും. ഒരു ഓൺലൈൻ മാധ്യമത്തിന്  നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കുട്ടിക്കാലം മുതലേ എല്ലാത്തിലും സംശയം ചോദിക്കുന്ന ആളായിരുന്നു ലെന. ഇപ്പോൾ ഒരു പുസ്തകം എഴുതി. എപ്പോഴും കൗതുകം കാണിച്ച ആൾ അതിനെ ഒരു കൺക്ലൂഷനിലെത്തിച്ച് പുസ്തകമാക്കിയത് വലിയ കാര്യമായി ഞാൻ കാണുന്നെന്ന് ലെനയുടെ പിതാവ് മോഹൻദാസ് പറയുന്നു.

ബേബി ക്ലാസിന് സ്കൂളിൽ കൊണ്ടു വിടുമ്പോൾ സ്കൂളിൽ പോകണമെന്ന് സ്വയം പുറപ്പെടുന്ന കുട്ടിയായിരുന്നു. മൂന്ന് വയസുള്ളപ്പോൾ പ്രീ കെജിയിൽ കൊണ്ടുവിട്ടു. അവിടെയുള്ള മറ്റ് കുട്ടികൾ കരയുമ്പോൾ ഇവൾ അവരെ ആശ്വസിപ്പിച്ചിരുന്നെന്നും മോഹൻദാസ് ഓർത്തു, ഇതേക്കുറിച്ച് ലെനയും സംസാരിച്ചു. ഈ സ്വഭാവം കാരണം ആ സ്കൂളിന്റെ പ്രിൻസിപ്പൽ ഇട്ട പേര് ​ഗ്രാന്റ് മദർ ഓഫ് ദ സ്കൂൾ എന്നായിരുന്നു. ആശ്വസിപ്പിക്കുന്നത് തന്റെ വീക്ക്നെസാണെന്നും ലെന വ്യക്തമാക്കി. ലെനയെക്കുറിച്ച് അമ്മ ടീനയും സംസാരിച്ചു. ലെനയെ ​ഗർഭിണിയായിരുന്ന സമയത്ത് വളരെ മോശമായിരുന്നു. അസാമിലായിരുന്നു. ഇപ്പോഴത്തേതൊന്നും നോക്കേണ്ട, പിറന്ന ശേഷം ഈ കുഞ്ഞിന്റെ പേരിൽ നിങ്ങൾ അറിയപ്പെടുമെന്ന് ​ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ലെനയുടെ കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് അമ്മ ടീനയും പറഞ്ഞു. അതേസമയം ദീർഘനാളായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ലെന തന്റെ അനുഭവങ്ങളെല്ലാം വെച്ച് ഇതിനിടെ ഒരു പുസ്തകവും എഴുതിയിരുന്നു. ഒരു അഭിമുഖത്തിൽ പുസ്തകത്തെക്കുറിച്ച് സംസാരിക്കവെയാണ് സൈക്കോളജിയെക്കുറിച്ചും മാനസികാരോ​ഗ്യ ചികിത്സകളെക്കുറിച്ചുമെല്ലാം നടി സംസാരിച്ചത്. മുൻജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നെന്നും ലെന വാദിച്ചു.

വലിയ തോതിൽ ലെനയുടെ പരാമർശങ്ങൾ ജനശ്രദ്ധയിലേക്ക് വന്നു. പരാമർശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ ഇപ്പോഴും രം​ഗത്ത് വരുന്നുണ്ട്. സൈക്കോളജിയെക്കുറിച്ചുള്ള ലെനയുടെ പരാമർശം അശാസ്ത്രീയമാണെന്ന വിമർശനവുമായി സൈക്കോളജിസ്റ്റുകളുടെ സംഘടന രം​ഗത്ത് വന്നു. വിവാദങ്ങളൊന്നും ലെന കാര്യമാക്കുന്നില്ല. ഈ സമയത്തും  സിനിമാ കരിയറിലേക്കും നടി പ്രാധാന്യം നൽകുന്നുണ്ട്. ചെറിയ പ്രായം മുതലേ സ്വയം പര്യാപ്തയായതിന്റെ ഒരു കാരണവും ലെന പങ്കുവെച്ചു. ഇപ്പോൾ വേദിക് ആസ്ട്രോളജി പഠിക്കുന്നുണ്ട്. അത് പ്രകാരം മകം നക്ഷത്രത്തിൽ പിറന്നവർ ആര് പറഞ്ഞാലും കേൾക്കില്ല. സ്വന്തം ഇഷ്ടത്തിനേ എല്ലാം ചെയ്യൂ. താൻ മകം നക്ഷത്രത്തിൽ പിറന്ന ആളാണെന്നും ലെന വ്യക്തമാക്കി. സിനിമയിലേക്ക് വന്നത് പ്ലാൻ ചെയ്തത് അല്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അങ്ങനെയാണ്. ഒഴുക്കിനനുസരിച്ച് പോകാൻ താനിന്ന് പഠിച്ചെന്നും ലെന വ്യക്തമാക്കി. മാതാപിതാക്കളെക്കുറിച്ചും ലെന സംസാരിച്ചു. നമ്മളുടെ ജീവിതത്തിന്റെ തീരുമാനം എടുക്കേണ്ടത്, അതിന്റെ ഉത്തരവാദിത്തം നമ്മൾക്ക് തന്നെയാണെന്ന് അച്ഛനും അമ്മയും ആദ്യമേ പറഞ്ഞിട്ടുണ്ട്. അതേസമയം എന്തുണ്ടെങ്കിലും ഞങ്ങളുണ്ടെന്നും അവർ പറഞ്ഞിട്ടുണ്ട്. ചിലർ കുരുത്തക്കേട് കാണിച്ച് പെട്ട് പോകുമ്പോൾ അച്ഛനമ്മമാരോട് പറയാൻ മടിക്കും. പക്ഷെ തനിക്കൊപ്പം എന്നും മാതാപിതാക്കൾ ഉണ്ടായിട്ടുണ്ടെന്നും ലെന വ്യക്തമാക്കി. ബാന്ദ്രയാണ് ലെനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ലെനയുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Sreekumar R