റോഡുകളിലെ കുഴികള്‍ അടയുന്നു!! നടന്‍ ജയസൂര്യയ്ക്ക് നന്ദി…

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയെ കുറിച്ച് മുഖ്യമന്ത്രികൂടി സന്നിഹിതനായ വേദിയില്‍ വെച്ച് നടന്‍ ജയസൂര്യ തുറന്നടിച്ചത്. റോഡുകള്‍ ജനജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ജയസൂര്യ വേദിയില്‍ വെച്ച് വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ അനീതികളോട് പ്രതികരിക്കുന്നതുകൊണ്ടു തന്നെ താരത്തിന് അക്കൂട്ടത്തിലും ആരാധകര്‍ ഏറെയാണ്. പണ്ട് റോഡിന്റെ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥ കണ്ട് ജയസൂര്യ സ്വന്തം ചിലവില്‍ റോഡ് നേരെയാക്കാന്‍ ഇറങ്ങിത്തിരിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ തന്നെയായിരുന്നു കഴിഞ്ഞ ദിവസം ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങളും. റോഡുകളിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെയെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണമാണെന്നും ചിറാപ്പുഞ്ചി ഉള്‍പ്പെട്ട മേഘാലയയില്‍ കേരളത്തേക്കാള്‍ റോഡ് കുറവാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ പൊതുജനത്തിന്റെ ശബ്ദം കേള്‍ക്കുകയും അതിന് മൂല്യം കൊടുക്കുകയും ചെയ്യുന്ന മന്ത്രിയാണ് റിയാസ് എന്നായിരുന്നു തന്റെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു പിന്നാലെയുള്ള ജയസൂര്യയുടെ പ്രതികരണം. ഇപ്പോഴിതാ അന്ന് പറഞ്ഞ വാക്കുകള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുകയാണ്. വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുകയാണ് ഇപ്പോൾ. ഈ റോഡിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതുസംബന്ധിച്ച ഉറപ്പ് നല്‍കി. പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

Aswathy