ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടന്‍ ജയസൂര്യ

ബംഗ്ലാദേശിലെ ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യയെ തിരഞ്ഞെടുത്തു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യയ്ക്ക നേട്ടം. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്‌കാരം കൂടിയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. തമിഴ് ചിത്രം ‘കൂഴങ്കള്‍’ ആണ് മികച്ച ഫീച്ചര്‍ ചിത്രം. ഡോ.ബിജു സംവിധാനം ചെയ്ത ‘ദ് പോര്‍ട്രെയ്റ്റ്‌സ്’, ഷരീഫ് ഈസ സംവിധാനം ചെയ്ത ‘ആണ്ടാള്‍’, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’, സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘എന്നിവര്‍’ തുടങ്ങിയ ചിത്രങ്ങളും ഫിക്ഷന്‍ വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുത്തു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ‘മണ്ണ്’ മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയിരിക്കുന്നത്.

കോവിഡ് പശ്ചാത്തല കഥ പറയുന്ന ‘സണ്ണി’ ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ്. ഒരേയൊരു കഥാപാത്രത്തിലൂടെ മാത്രം സഞ്ചരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ മനോഹരമായി അഭിനയിച്ചുവെന്ന് ജൂറി വിലയിരുത്തി. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസിനെത്തിയത്. ഡ്രീംസ് ആന്‍ഡ് ബിയോണിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Gargi