‘കെ പി എ സി ലളിതയുടെ ചരമ ദിനത്തില്‍ സുബിയും മണ്മറഞ്ഞത് കാലത്തിന്റെ ക്രൂരമായ തമാശയാകാം’

Follow Us :

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരെല്ലാം. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കെ പി എ സി ലളിതയുടെ ചരമ ദിനത്തില്‍ സുബിയും മണ്മറഞ്ഞത് കാലത്തിന്റെ ക്രൂരമായ തമാശയാകാമെന്നാണ് ജിജീഷ് രഞ്ജന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു ദിവസം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു ജീപ്പ് എന്തോ പാട്ടൊക്കെ വച്ച് വരുന്നത് കണ്ടു.എന്തോ പരിപാടിയുടെ ഭാഗമായിട്ടാണ് എന്ന് കരുതുമ്പോഴാണ് പിന്നിലെ ആംബുലന്‍സ് കണ്ടത്.അതിങ്ങനെ കടന്ന് പോകുമ്പോള്‍ ആദരാഞ്ജലികള്‍ എന്ന ഒരു പോസ്റ്ററും അതില്‍ ഒരു പ്രായമായ സ്ത്രീയുടെ മുഖവും കണ്ടു.അവരെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു.അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് അവര്‍ മരിച്ചപ്പോഴാണ്. ശരിക്കും നമ്മളൊക്കെ ജീവിച്ചിരുന്നു എന്ന് കുറേ പേര്‍ അറിയുന്നത് അപ്പോഴാകും.ഈ ലോകത്തില്‍ എറ്റവും പ്രശസ്തനായ വ്യക്തിയെ പോലും അറിയുന്നവരെക്കാളും അറിയാത്തവരാകും കൂടുതല്‍.ജീവിച്ചിരിക്കുന്നു എന്ന് സ്വയം എങ്കിലും തോന്നിപ്പിക്കാനാകും ചിലപ്പോള്‍ നമ്മള്‍ ശ്രമിക്കുന്നത്.
കലാകാരന്മാര്‍ ഭാഗ്യമുള്ളവരാണു.അവര്‍ മണ്മറഞ്ഞു പോയാലും അവരെ ജനം ഓര്‍ക്കും.അവരുടെ കഥാപാത്രങ്ങളിലൂടെ,സൃഷ്ടികളിലൂടെ എല്ലാം അവര്‍ അനശ്വരരാകും. അവര്‍ പോലും അറിയാത്ത എത്രയോ പേര്‍ അവരെ ഇഷ്ടപ്പെടുന്നു.കലാകാരന്മാര്‍ കാലായവനികയ്ക്കുള്ളിലേക്ക് മറയുമ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നവരില്‍ കൂടുതലും അവര്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ പോലുമില്ലാത്തവരാകും.ഈ ഒരു വലിയ ലോകത്ത് അതൊരു ചെറിയ കാര്യമല്ല.ചിലര്‍ കലയിലൂടെ ധാരാളം സ്വത്ത് സാമ്പാദിച്ചവരാകും ചിലര്‍ക്ക് കാര്യമായ സമ്പാദ്യങ്ങള്‍ ഉണ്ടാകില്ല.എന്നാല്‍ ജനം അവരെ ഇഷ്ടപ്പെടുന്നതും ഓര്‍മ്മിക്കുന്നതും അവരിലെ പ്രതിഭ കൊണ്ടാകും.സിനിമാ ടി വി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് വീട്ടുകാരെപ്പോലെയാണ്.സത്യനെയും പ്രേം നസീറിനേയും ജയനെയും എല്ലാം ഇന്നും ജനം ഓര്‍മിക്കുന്നു.കൊച്ചിന്‍ ഹനീഫയും കലാഭവന്‍ മണിയും ഉള്‍പ്പടെയുള്ളവര്‍ എങ്ങും പോയിട്ടില്ല എന്ന് തോന്നാറുണ്ട് പലപ്പോഴും.
ഇന്ന് അകാലത്തില്‍ പൊലിഞ്ഞ സുബി സുരേഷിനെയും കാലം വിസ്മൃതിയിലാക്കില്ല.പുരുഷ മേധാവിത്വമുള്ള മിമിക്രി- ഹാസ്യ പരിപാടികളില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിഞ്ഞ നല്ല കലാകാരിയായിരുന്നു അവര്‍.അവരുടെ മരണത്തില്‍ കണ്ണീല്‍ പൊഴിച്ചത് അവര്‍ക്ക് നേരിട്ട് അറിയാത്ത ഒരുപാട് പേരാണ് എന്ന് അവര്‍ അറിയുന്നുണ്ടാകുമോ.മഹാനടിയായ കെ പി എ സി ലളിതയുടെ ചരമ ദിനത്തില്‍ സുബിയും മണ്മറഞ്ഞത് കാലത്തിന്റെ ക്രൂരമായ തമാശയാകാം.എല്ലാവര്‍ക്കും ഇങ്ങനെ ഒരു ദിവസം ഉണ്ടെന്നത് ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ഏക സത്യമാണല്ലോ. സുബി സുരേഷിന് ആദരാഞ്ജലികള്‍.

കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. രണ്ടാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷമായിരുന്നു നടിയുടെ അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ രണ്ടിന് ചേരാനല്ലൂര്‍ പൊതുശ്മശാനത്തില്‍..